ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്. കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്. ഏറ്റവുമൊടുവിലായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ ആശങ്കയേറി. ബെംഗളൂരുവിൽ എട്ട് മാസം പ്രായമുളഅള കുട്ടിയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എച്ച്എംപിവി വൈറസിന്റെ ചൈനീസ് വകഭേദമാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയിൽ രോഗം കണ്ടെത്തിയിരിക്കുന്നത്.
ലോകത്തിന് ആശങ്ക നൽകുന്നതിൽ ചൈന എന്നും മുൻപന്തിയിൽ തന്നെയാണ്. കോവിഡ് മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ഇന്നും നിലനിൽക്കവേയാണ് പുതിയ വൈറസ് പടരുന്നത്. കൊവിഡ്-19-ഉം HMPV വൈറസുമായി എന്തെങ്കിലും സാമ്യമുണ്ടോയെന്ന് ചിന്തിക്കുന്നവരാകും പലരും.. ഉത്തമിതാ..
- SARS-CoV-2 വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊവിഡ്-19. എച്ച്എംപിവി വൈറസും സമാനരീതിയിലാണ് പടരുന്നത്. എല്ലാ പ്രായത്തിലുള്ളവരിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് രണ്ട് തരത്തിലുള്ള വൈറസും സൃഷ്ടിക്കുന്നത്. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ അതീവ ജാഗ്രത പുലർത്തണം.
- രോഗലക്ഷണങ്ങളും സമാനമാണ്. . ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തന്നെയാണ് കൊവിഡ്-19 ബാധിച്ചവരിലും പ്രകടിപ്പിക്കുന്നത്.
- രോഗം ബാധിച്ചവരിൽ നിന്നാണ് രണ്ട് തരത്തിലുള്ള വൈറസും പകരുന്നത്. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള സ്രവം വഴിയും സമ്പർക്കത്തിലൂടെയുമാണ് പകരുക. വൈറസുകളുടെ സാന്നിധ്യമുള്ള പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പർശിക്കുന്നതും വൈറസ് ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകും.
നിലവിൽ ഇതുവരെ HMPV വൈറസിനെതിരെ വാക്സിൻ കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…
- സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് വരെ കൈകൾ കഴുകണം.
- കൈകൾ കഴുകിയതിന് ശേഷം മാത്രം കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടുക.
- രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
- പനിയുടെ ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കുക.
- രോഗബാധിതർ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
പുതുതായി കണ്ടുപിടിച്ച വൈറസല്ല HMPV വൈറസ്. 2001-ലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ 1958 മുതൽ HMPV വൈറസ് വ്യാപകമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.