ബഹ്‌റൈച്ച് : ഉത്തര്പ്രദേശിലെ ബഹ്‌റൈച്ചിൽ മാസങ്ങള്‍ നീണ്ട ചെന്നായ ഭീതിക്ക് അവസാനമായി. തങ്ങളുടെ ഗ്രാമങ്ങളെ ആക്രമിച്ചിരുന്ന ആറാമത്തെയും അവസാനത്തെയും ചെന്നായയുടെ മരണം ആഘോഷിക്കുകയാണ് ഗ്രാമവാസികൾ.
പ്രദേശത്തുടനീളം ഭീതി പരത്തിയ ചെന്നായ്‌ക്കൾ മാസങ്ങളായി ഗ്രാമവാസികളെയും കന്നുകാലികളെയും ആക്രമിക്കുകയായിരുന്നു. മൊത്തം ആറ് ചെന്നായ്‌ക്കളാണ് ഉണ്ടായിരുന്നതെന്ന് കരുതുന്നു. സെപ്തംബർ 10ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അഞ്ചാമത്തെ ചെന്നായയെ പിടികൂടിയിരുന്നു . എന്നാൽ വനംവകുപ്പിന്റെ നിരന്തര ശ്രമങ്ങൾക്കിടയിലും 24 ദിവസത്തിലേറെയായി കൂട്ടത്തിലെ അവസാനത്തെ ഈ ചെന്നായ രക്ഷപെട്ട് നടക്കുകയായിരുന്നു. ബഹ്‌റൈച്ചിൽ ചെന്നായയുടെ ആക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബഹ്‌റൈച്ച് ജില്ലയിലെ മഹ്‌സി തഹ്‌സിലിലെ 50 ഗ്രാമങ്ങളെ ഭീതിയിലാഴ്‌ത്തിയ ആറ് ചെന്നായ്‌ക്കളുടെ കൂട്ടത്തെ പിടികൂടുന്നതിനായി ജൂലൈ 17 മുതൽ പ്രദേശത്ത് ‘ഓപ്പറേഷൻ ഭേദിയ’ ക്യാമ്പയിൻ നടന്നുവരികയാണ്.നിരന്തരമായ ഭീതിയിൽ കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്ക് ഒടുവിൽ ആറാമത്തെ ചെന്നായയുടെ മരണം ആശ്വാസമായിരിക്കുകയാണ്.