ഇന്ത്യയുടെ അതിവിശാലമായ റെയിൽവേ ശൃംഖല എക്കാലവും പേരുകേട്ടതാണ്. അതിവേഗ ട്രെയിനുകളും പ്രകൃതിയെ അറിഞ്ഞ് ഭംഗി ആസ്വദിച്ചുള്ള ട്രെയിൻ യാത്രയും ഇന്ത്യയിൽ മാത്രമാണ് സാധ്യമായിട്ടുള്ളത്. മറ്റു ട്രെയിനുകൾ വേഗതയുടെ പേരിൽ അറിയപ്പെടുമ്പോൾ ഇന്ത്യൻ റെയിൽവേയുടെ ഈയൊരു ട്രെയിൻ മാത്രം വേഗത കുറവിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനെന്നറിയപ്പെടുന്ന നീലഗിരി മൗണ്ടൻ റെയിൽവേ 5 മണിക്കൂർ കൊണ്ടാണ് 46 കിലോമീറ്റർ പിന്നിടുന്നത്. ഒച്ചിഴയും പോലെയാണ് ഇത് പോകുന്നതെന്ന് തോന്നുമെങ്കിലും പിന്നിൽ കാര്യമുണ്ട്. മേട്ടുപ്പാളയത്ത് നിന്ന് ആരംഭിച്ച് ഊട്ടിയിലാണ് ട്രെയിന്റെ സർവീസ് അവസാനിക്കുന്നത്. തേയിലത്തോട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്ന തുടങ്ങി അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് ഈ ട്രെയിനിൽ കയറിയാൽ ആസ്വദിക്കാൻ സാധിക്കുക. നിരവധി തുരങ്കങ്ങളിലൂടെയും നൂറിലധികം പാലങ്ങളിലൂടെയും ഇത് കടന്നുപോകുന്നു,
മേട്ടുപ്പായത്തിനും കൂനൂരിനുമിടയിലാണ് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നത്. നീലഗിരി കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാൻ ഇതിലും വലിയ സ്ഥലമില്ലെന്ന് തന്നെ തോന്നിപ്പോകും വിധത്തിലുള്ള ദൃശ്യാനുഭവമാണ് ഇത് നൽകുന്നത്. ഇവയാണ് ഈ ട്രെയിനിനെ ഇത്ര പ്രിയപ്പെട്ടതാക്കുന്നത്.
വളരെ പുരാതനമായ ട്രെയിനാണിത്. 1854-ലാണ് ഇതിന്റെ നിർമാണം സംബന്ധിച്ച് ചർച്ച ആരംഭിച്ചത്. എന്നാൽ ഉയർന്ന കുന്നും മലയും കാരണം ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ 1891 മാത്രമാണ് ആരംഭിക്കാനായത്. 1908-ലാണ് ട്രാക്കിന്റെ നിർമാണം പൂർത്തീകരിക്കാനായത്. തടി കൊണ്ടുള്ള കോച്ചുകളാണ് ആകർഷകമാക്കുന്നത്. നീല, ക്രീം നിറങ്ങളിൽ പെയിൻ്റടിച്ച മനോഹരമാക്കിയിരിക്കുന്നു., ഇതിനൊപ്പം തന്നെ പഴമയുടെ തനിമ കളയാതെയാണ് ഇന്നും സർവീസ് നടത്തുന്നത്.
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വൻ തിരക്കാണ് ട്രെയിനിൽ അനുഭവപ്പെടുന്നത്. ഫസ്റ്റ് ക്ലാസിൽ 72 സീറ്റുകളും സെക്കൻഡ് ക്ലാസിൽ 100 സീറ്റുകളുമുള്ള ട്രെയിനിൽ നാല് തടി കോച്ചുകളാണ് ട്രെയിനുള്ളത്. 2016-ലാണ് നാലാമത്തെ കോച്ച് കൂട്ടിച്ചേർത്തത്. യാത്രക്കാർക്ക് വിശ്രമിക്കനും കാഴ്ചകൾ കാണാനുമുള്ള സൗകര്യം ഇവിടെയുണ്ട്.