സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത താരവിവഹാമായിരുന്നു നയൻതാര- വിഘ്‌നേഷ് ശിവൻ ജോഡികളുടേത്. 2022 ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിലായിരുന്നു ആഢംബര വിവാഹം നടന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനായിരുന്നു ചടങ്ങിന്റെ വീഡിയോ ചിത്രീകരണ അവകാശം നൽകിയത്. വിവാഹം നടന്ന് രണ്ട് വർഷം പിന്നിടുമ്പോൾ ഡോക്യുമെന്ററി ആയി വീഡിയോ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്‌ളിക്‌സ്.
25 കോടി രൂപയ്‌ക്കാണ് നെറ്റ്ഫ്‌ളിക്‌സ് ചിത്രീകരണ അവകാശം വാങ്ങിയത്. 1 മണിക്കൂറും 21 മിനിറ്റുമായിരിക്കും വീഡിയോയുടെ ദൈർഘ്യം. ദീപാവലിക്ക് വീഡിയോ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ നയൻതാര; ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോനാണ്.
ചടങ്ങിന്റെ ഒരുക്കവും, വിഘ്‌നേഷ്- നയൻതാര സൗഹൃദവും പ്രണയവും തുടങ്ങിയവ ഉൾപ്പെടുത്തിയതാണ് ഡോക്യുമെന്ററി. രജനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്‌നം, ദിലീപ് തുടങ്ങി സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. രണ്ട് വർഷത്തിന് ശേഷം വിവാഹ വീഡിയോ പുറത്തുവിടുമ്പോൾ ഉയിരിന്റെയും ഉലകിന്റെയും മാതാപിതാക്കളുമാണ് താരദമ്പതികൾ.















