പ്രമുഖ നടൻ ടി.പി മാധവന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ. ഒരു മകനോടുള്ള സ്നേഹമായിരുന്നു അദ്ദേഹത്തിന് തന്നോട് ഉണ്ടായിരുന്നതെന്ന് അദ്ദേഹം സമൂഹമാദ്ധ്യമ കുറിപ്പിൽ പങ്കുവച്ചു. ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിടയെന്നാണ് അദ്ദേഹം കുറിച്ചത്.
മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന ടി.പി മാധവൻ 600-ഓളം സിനിമകളിലാണ് നിറഞ്ഞാടിയത്. അവസാനകാലത്ത് പത്താനപുരം ഗന്ധിഭവനിലെ അന്തേവാസിയായിരുന്നു അദ്ദേഹം. 2015-ലെ ഹരിദ്വാർ യാത്രക്കിടെ പക്ഷാഘാതം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാന്ധിഭവനിലേക്ക് എത്തുന്നത്. ഓർമ നഷ്ടപ്പെട്ട നിലയിലായിരുന്നുവെങ്കിലും മോഹൻലാൽ എന്ന മഹാനടനെ അദ്ദേഹം മറന്നിരുന്നില്ല.
കുറിപ്പിന്റെ പൂർണരൂപം..
മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട.