പത്തനംതിട്ട: ശസ്ത്രക്രിയ നടത്താൻ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ. ഡോ. എസ് വിനീതിനെയാണ് ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖയുൾപ്പെടെ പരിശോധിച്ച ശേഷമാണ് നടപടി.
അടൂർ സ്വദേശിനി ദിവ്യാംഗയായ വീട്ടമ്മയോടാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. ശരീരത്തിലെ ചെറിയ മുഴ നീക്കം ചെയ്യാൻ 12,000 രൂപയാണ് ഇയാൾ ചോദിച്ചത്. പരാതിക്കാരിയുടെ സഹോദരിയെയാണ് ചികിത്സയ്‌ക്കായി കൊണ്ടുവന്നത്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് പണവുമായി വരാൻ ഡോക്ടർ ഇവരോട് നിർദേശിക്കുകയായിരുന്നു.
കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ ആശുപത്രിയിൽ പ്രതിഷേധം കനത്തു. കഴിഞ്ഞ മാസം 25-ന് യുവതി ശബ്ദരേഖയുൾപ്പെടെ കാണിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.
എന്നാൽ, ശസ്ത്രക്രിയയ്‌ക്ക് പണം ആവശ്യപ്പെട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്ന് ഡോക്ടർ പറഞ്ഞു.