ചെന്നൈ: മൈസൂരു-ദർഭാംഗ ബാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ റെയിൽവേ ഡിവിഷന് കീഴിടലുള്ള കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് അടുത്താണ് സംഭവം. നിരവധി കോച്ചുകൾ പാളം തെറ്റിയെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നിർത്തിയിട്ട ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ കൂട്ടിയിടിക്കുകയായിരുന്നു.
ഗ്രീൻ സിഗ്നൽ കിട്ടിയതിനെ തുടർന്നായിരുന്നു ട്രെയിൻ മുന്നോട്ടെടുത്തത്. എന്നാൽ അൽപം സഞ്ചരിച്ചപ്പോഴേക്കും കുലുക്കം അനുഭവപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ ട്രെയിൻ തെന്നിമാറി. പത്തിലധികം കോച്ചുകൾ പാളം തെറ്റി. തുടർന്ന് അപ്പുറത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു. ട്രെയിൻ അട്ടിമറി നടത്താൻ ശ്രമം നടന്നതായി സൂചനയുണ്ട്.