കടുത്ത വയറുവേദനയെ തുടർന്ന് വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി തലമുടിയും മറ്റ് പല സാധനങ്ങളും നീക്കം ചെയ്തുവെന്ന വാർത്തകൾ നാം കാണാറുണ്ട്. എന്നാൽ ജീവനുള്ള പാറ്റയെ വയറ്റിൽ നിന്നും പുറത്തെടുത്താൽ എങ്ങനെയിരിക്കും? ഡൽഹിയിലാണ് സംഭവം
കടുത്ത വയറുവേദനയെ തുടർന്നാണ് 23-കാരനെ ഡൽഹിയിലെ ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വഴിയോരത്ത് നിന്ന് ഭക്ഷണം കഴിച്ചതാകാം വയറുവേദനയ്‌ക്ക് കാരണമെന്നായിരുന്നു യുവാവ് കരുതിയത്. എന്നാൽ വയറുവേദന രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുകയും, ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാനും തുടങ്ങിയതോടെ യുവാവ് ഗ്യാസ്ട്രോ എൻട്രോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ.ശുഭം വാത്സ്യത്തിന്റെ അടുത്ത് എത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അപ്പർ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ (ജിഐ) എൻഡോസ്‌കോപ്പി പരിശോധനയിലൂടെ ഇയാളുടെ ചെറുകുടലിൽ ജീവനുള്ള പാറ്റയെ കണ്ടെത്തുകയായിരുന്നുവെന്ന് ഡോക്ടർ ഡോ. ശുഭം വാത്സ്യ പറഞ്ഞു. പിന്നീട് 10 മിനിറ്റ് നീണ്ട് നിന്ന പ്രക്രിയയിലൂടെ ഇയാളുടെ വയറ്റിൽ നിന്നും ജീവനോടെ പാറ്റയെ പുറത്തെടുത്തു. 3 സെന്റിമീറ്റർ നീളമുള്ള പാറ്റയെയാണ് പുറത്തെടുത്തത്.
വഴിയോരത്ത് നിന്നും ഭക്ഷണം കഴിച്ചപ്പോൾ അബദ്ധത്തിൽ പാറ്റയെ വിഴുങ്ങിയതാകാമെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. പാറ്റയെ പുറത്തെടുത്തിരുന്നില്ലെങ്കിൽ മാരകമായ പകർച്ച വ്യാധികൾക്കും, ചിലപ്പോൾ മരണത്തിന് വരെ ഇടയാകാനുള്ള സാഹചര്യമാണുണ്ടായതെന്നും ഡോക്ടർമാർ പറയുന്നു.















