കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി മുന്നോട്ട് തന്നെ പോകുമെന്ന് പരാതിക്കാരൻ ഷോൺ ജോർജ്. മുഖ്യമന്ത്രിയുടെ മകളാണെന്ന് അറിഞ്ഞ് തന്നെയാണ് കേസ് കൊടുത്തിരിക്കുന്നതെന്നും ഈ കേസ് എവിടെ വരെ പോകും എന്നറിയണമെന്നും ഷോൺ ജോർജ് പറഞ്ഞു. മാസപ്പടി കേസിൽ എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷോൺ ജോർജ്.
പിണറായി വിജയൻ എന്ന കള്ളനാണയത്തെ ഏറ്റവുമധികം തിരിച്ചറിഞ്ഞിട്ടുള്ള ഒരു കുടുംബമാണ് എന്റേത്. 20 വർഷമായി അദ്ദേഹത്തിനെതിരെ പോരാടിയ വ്യക്തിയാണ് എന്റെ പിതാവ് പി സി ജോർജ്. ഇത്രയും വലിയ ഒരു അഴിമതി നടന്നിട്ടും നിയമസഭയിൽ നടക്കുന്ന പൊറാട്ട് നാടകത്തിനപ്പുറം കൃത്യമായൊരു അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് മാസത്തോളം കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ച ശേഷമാണ് വീണക്കെതിരെ ഞാൻ പരാതി നൽകിയത്.
വീണാ വിജയൻ ഒരു ഘടകമല്ല, എക്സലോജിക് വെറും ഒരു കറക്ക് കമ്പനിയാണ്. ഒരു പ്രവർത്തനങ്ങളുമില്ലാത്ത ഒരു കറക്ക് കമ്പനി. എസ്എഫ്ഐഒയെ സംബന്ധിച്ചിടത്തോളം അവർ എപ്പോഴും രഹസ്യമായാണ് കേസ് അന്വേഷിക്കുന്നത്. എല്ലാ രേഖകളും ലഭിച്ചതിന് ശേഷം മാത്രമേ അവർക്ക് വീണയിലേക്കും മുഖ്യമന്ത്രിയിലേക്കും എത്തിച്ചേരാൻ സാധിക്കു.
തോട്ടപ്പള്ളിയിൽ ഒരു ദിവസം 500-ലധികം ലോറികളാണ് കരിമണൽ കടത്തുന്നത്. ഇത് നടത്തുന്നതിന് വിവിധ കോടതികളിൽ നിന്ന് അവർ അനുമതി വാങ്ങിവച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഓരോ പൗരന്റെയും പൊതുമുതലാണ് അവർ കൊള്ളയടിക്കുന്നത്.
വീണാ വിജയന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ടുകളുണ്ട്. അതിൽ കോടികളുടെ ഇടപാടുകളും നടന്നിട്ടുണ്ട്. ഇവരുടെ പേരിൽ അബുദാബിയിൽ മണിമാളികകൾ ഉണ്ടെന്നാണ് പറയുന്നത്. സീനിയർ അഭിഭാഷകരെ ഇറക്കി കേസ് വാദിക്കാൻ വേണ്ടി എട്ട് കോടിയിലധികമാണ് ഇതുവരെ മുടക്കിയതെന്നും ഷോൺ ജോർജ് പറഞ്ഞു.