മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള കഥയെഴുതിയ ചിത്രം ആനന്ദ് ശ്രീബാലയുടെ ടീസർ പുറത്തെത്തി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഒരു യുവതിയുടെ മരണവും തുടർന്നുള്ള പുനഃരന്വേഷണവുമായി ബന്ധപ്പെട്ടുള്ളതെന്നാണ് ടീസർ നൽകുന്ന സൂചന. അതേസമയം കേരളത്തിൽ നടന്ന ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണെന്നും റിപ്പോർട്ടുണ്ട്.
മാളികപ്പുറം,2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം പ്രിയ വേണു, നീതാ പിൻ്റോ,വേണു കുന്നപ്പിള്ള എന്നിവരാണ് നിർമിക്കുന്നത്. സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് യുടെ സംവിധാന അരങ്ങേറ്റമാണ് ഈ സസ്പെൻസ് ത്രില്ലർ ചിത്രം.
അർജുൻ ആശോകൻ വീണ്ടും പാെലീസ് വേഷത്തിലെത്തുന്നുവെന്ന സൂചനയും ടീസർ നൽകുന്നുണ്ട്. അർജുനൊപ്പം അപർണ ദാസാണ് ടൈറ്റിൽ റോളിലെത്തുന്നത്. ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, സംഗീതാ മാധവൻ, മനോജ് കെ.യു, ശിവദ, അസീസ് നെടുമങ്ങാട്, മാളവിക മനോജ് എന്നിവർ മറ്റു കഥാപാത്രങ്ങളാകുന്നു.രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ.