അബൂജ: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൊട്ടിത്തെറിച്ച് 94 പേർക്ക് ദാരുണാന്ത്യം. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ടാങ്കർ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഇന്ധനം ശേഖരിക്കാൻ ജനക്കൂട്ടം ഓടിവന്നിരുന്നു. ഇതിന് പിന്നാലെ ടാങ്കർ പൊട്ടിത്തെറിച്ചതോടെയാണ് ജനങ്ങൾ അപകടത്തിൽപ്പെട്ടത. വടക്കൻ നൈജീരിയയിലെ മാജിയ ടൗണിലാണ് സംഭവം.
തലസ്ഥാന നഗരമായ അബൂജയിൽ നിന്ന് 330 മൈൽ മാറി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. പൊട്ടിത്തെറിയിൽ പരിക്കേറ്റവരെ റിൻജിം, ഹദേജിയ എന്നീ ടൗണുകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ സംസ്കാരം കൂട്ടകുഴിമാടം ഒരുക്കി നടത്തുമെന്ന് ജിഗാവ സ്റ്റേറ്റ് പൊലീസ് കമാൻഡ് വക്താവ് ലാവൻ ഷീലു ആദം അറിയിച്ചു.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ഇവിടുത്തെ മോശം റോഡുകൾ കാരണം അതിഭയാനകമായ വാഹനാപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യാറുണ്ട്. പ്രതിവർഷം ആയിരക്കണക്കിന് പേരാണ് വിവിധ വാഹനാപകടങ്ങളിൽപ്പെട്ട് രാജ്യത്ത് മരിക്കുന്നത്.