ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ആഹാര കാര്യങ്ങളിൽ പ്രധാനമാണ് കോമ്പിനേഷൻ. എന്ത് ഭക്ഷണം ഏതെല്ലാം ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാമെന്ന് നാം പ്രത്യേകം ശ്രദ്ധിക്കണം. വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് പലപ്പോഴും നമുക്ക് ഇഷ്ടപ്പെടുമെങ്കിലും ഇത്തരം ആഹാരങ്ങൾ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ അടിവരയിടുന്നു.
പാലും പഴവും ഒരുമിച്ച് കഴിക്കാനാണ് നമുക്കിഷ്ടം. എന്നാൽ ഇവ രണ്ടും വിരുദ്ധാഹാരങ്ങളുടെ കൂട്ടത്തിലാണ് ആരോഗ്യ വിദഗ്ധർ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്തരത്തിൽ വിവിധ വിരുദ്ധാഹാരങ്ങൾ വേറെയുമുണ്ട്. അറിയാം..
പാലും സിട്രസ് പഴങ്ങളും

രാവിലെ എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ കിടക്കുന്നതിന് മുമ്പോ പാൽ കുടിക്കുന്ന ശീലം മിക്ക ആളുകൾക്കുമുണ്ട്. ചിലപ്പോഴൊക്കെ പാലിനൊപ്പം എന്തെങ്കിലും ഫലവർഗങ്ങളും നാം കഴിക്കും. എന്നാൽ സിട്രസ് അടങ്ങിയ ഫവർഗമാണ് കഴിക്കുന്നതെങ്കിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുന്നു.
അസിഡിറ്റി, ദഹനപ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് ഇത് കാരണമാകും. അതിനാൽ പാൽ കുടിച്ച് 20 മിനിറ്റുകൾക്ക് ശേഷമോ അതിൽ കൂടുതൽ സമയമോ കഴിഞ്ഞ് സിട്രസ് പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
ചൂടുവെള്ളവും തേനും

ഗ്രീൻ ടീയിലും മറ്റ് പാനീയങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ് തേൻ. ചൂടുവെള്ളത്തിലേക്ക് തേൻ നേരിട്ട് ഒഴിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇങ്ങനെ ഉപയോഗിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തേൻ ചൂടാക്കുമ്പോൾ രാസപ്രവർത്തനങ്ങൾ നടന്ന് വിഷ വസ്തുക്കൾ പുറംന്തള്ളുന്നു. ഇത് ദഹനപ്രശ്‌നങ്ങളിലേക്കും മറ്റും വഴിവയ്‌ക്കും.
മീനും പാലും

പാലും മീനും ഒരുമിച്ച കഴിക്കുന്നത് ശരീരത്തെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. ത്വക്ക് രോഗങ്ങൾക്കും മറ്റ് അലർജികളിലേക്കും ഈ കോമ്പിനേഷൻ വഴി വയ്‌ക്കും. മീൻ കഴിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം മാത്രം പാൽ കുടിക്കാൻ ശ്രദ്ധിക്കുക. മറ്റ് മാംസാഹാരങ്ങൾക്കൊപ്പവും പാലുത്പന്നങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ബീൻസും വെണ്ണയും

വടപാവ്, പാവ് ബാജി തുടങ്ങിയ ആഹാരങ്ങളിൽ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് ബീൻസും വെണ്ണയും. രണ്ടും കൂടിചേരുമ്പോൾ വ്യത്യസ്ത രുചിയും മണവുമാണെങ്കിലും ഇത്തരം ആഹാരങ്ങൾ ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെണ്ണയിലും ബീൻസിലും പ്രോട്ടീൻ കൂടുതലാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കും അമിതമായി വണ്ണം വയ്‌ക്കുന്നതിനും കാരണമാകുന്നു.















