പലപ്പോഴും ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നായിരിക്കും തന്റെ കാമുകൻ, അല്ലെങ്കിൽ കാമുകിയോട് പ്രണയം തുറന്നു പറയുന്ന ദിവസം. ജീവിതാവസാനം വരെ ഒരു ചെറു ചിരിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഈ ദിവസത്തിന് വേണ്ടി പലരും വമ്പൻ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. പ്രിയപ്പെട്ട ഗായികയുടെ സ്റ്റേജ് ഷോയ്‌ക്കിടെ അവരുടെ കൂടി അനുവാദത്തോടെ പ്രണയാഭ്യർത്ഥന നടത്തുന്ന നിമിഷം എന്നത് അത്രമേൽ സന്തോഷം നൽകുന്ന നിമിഷമായിരിക്കും. അത്തരത്തിൽ കൊൽക്കത്തയിൽ ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടിയ്‌ക്കിടെ നടന്ന ഒരു പ്രൊപ്പോസൽ സീൻ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ആകെ നിറഞ്ഞു നിൽക്കുന്നത്.
ഋഷി എന്ന യുവാവ് ആണ് ഈ കഥയിലെ താരം. കൊൽക്കത്തയിൽ സ്‌റ്റേജ് ഷോ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ‘ ശ്രേയ യു ആർ മൈ സെക്കന്റ് ലൗ” എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച വ്യക്തിയെ ശ്രേയ ശ്രദ്ധിക്കുന്നത്. ഇതോടെ പാട്ടിന് ചെറിയൊരു ഇടവേള കൊടുത്ത്, ആരാണ് നിങ്ങളുടെ ഫസ്റ്റ് ലൗ എന്ന ചോദ്യം ശ്രേയ ചോദിക്കുന്നു. ഉടനെ തന്നെ തൊട്ടടുത്തിരുന്ന യുവതിയെ ചൂണ്ടിക്കാണിക്കുകയും, താനവളെ ഇവിടെ വച്ച് പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹിക്കുകയാണെന്നും വ്യക്തമാക്കി. ഇതോടെ ശ്രേയ ഇരുവരുടേയും പേരുകൾ ചോദിക്കുന്നു. ഋഷി എന്നാണ് തന്റെ പേരെന്നും, അന്തര എന്നാണ് സ്‌നേഹിക്കുന്ന പെൺകുട്ടിയുടെ പേരെന്നും യുവാവ് മറുപടി നൽകുന്നു.
എങ്കിൽ എത്രയും വേഗം പ്രൊപ്പോസ് ചെയ്യൂ എന്നും, ഒരൊറ്റ ചാൻസ് മാത്രമേ ഉള്ളൂ എന്നും ശ്രേയ ഘോഷാൽ ഋഷിയോട് ചെറുചിരിയോടെ പറയുന്നു. നിങ്ങൾ അവളെ പ്രൊപ്പോസ് ചെയ്യുമ്പോൾ എല്ലാവരും കാണുകയാണെന്നും, ആയിരക്കണക്കിന് ആളുകൾ ഇവിടെയുണ്ടെന്നും ശ്രേയ പറയുന്നുണ്ട്. ഉടനെ തന്നെ ഋഷി മുട്ടുകുത്തി നിന്ന് അന്തരയോട് പ്രണയാഭ്യർത്ഥന നടത്തുന്നു. അന്തര യെസ് എന്ന മറുപടി നൽകുന്നതോടെ ചുറ്റുമുള്ളവരെല്ലാം വലിയ കയ്യടി നൽകുകയും ചെയ്തു. ഇരുവർക്കും വേണ്ടി മനോഹരമായ ഒരു പ്രണയ ഗാനവും ശ്രേയ ഇതിന് പിന്നാലെ ആലപിക്കുന്നുണ്ട്.
https://twitter.com/GaneshDGN/status/1847697167814660097
എന്തായാലും ഈ പ്രൊപ്പോസൽ സീൻ സമൂഹമാദ്ധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തിട്ടുണ്ട്. ശ്രേയ ഘോഷാൽ ഇവരോട് ഇടപെട്ട രീതിയെ ആണ് ഒരാൾ പ്രശംസിക്കുന്നത്. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വിവാഹ അഭ്യർത്ഥനയെന്നാണ് മറ്റൊരാൾ പറയുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവൾക്ക് സന്തോഷം നൽകി പിന്തുണയ്‌ക്കുന്ന ഭർത്താവിനെയാണ് ആവശ്യമെന്നും, ഋഷി തീർച്ചയായും അത്തരത്തിൽ ഒരാളാകുമെന്ന് ഈ അവസരത്തിൽ തെളിയിച്ചു എന്നുമാണ് മറ്റൊരു കമന്റ്.















