എ ആർ റഹ്മാൻ ഒരുക്കിയ ഗാനത്തിന് പുത്തൻ രൂപം നൽകി, ആരാധകരുടെ കൈയ്യടി നേടി ഗായിക അമൃത സുരേഷ്. യോദ്ധ എന്ന ചിത്രത്തിലെ ‘ശശിലേഖേ നീ പുൽകി പുൽകി’ എന്ന് തുടങ്ങുന്ന ഗാനമാണ് അമൃത പുതിയ വേർഷനിലേക്ക് മാറ്റിയിരിക്കുന്നത്. ഇതിന്റെ വീഡിയോ അമൃത ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
‘കുട്ടിക്കാലം മുതൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണ് യോദ്ധ. എ ആർ റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യ മലയാള ഗാനമാണിത്. ഫോർട്ട് കൊച്ചിയിലെ ഞങ്ങളുടെ ഷൂട്ടിംഗ് ഏറെ സന്തോഷം നിറഞ്ഞതായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്ന മുഴുവൻ ആളുകൾക്കും ഈ ഗാനം കൂടുതൽ എനർജിയും സന്തോഷവും നൽകി’- അമൃത സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
അമൃത സുരേഷിന്റെ ഡ്രെസ്സിംഗ് സ്റ്റൈലും ഗാനാലാപനവുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ നിരവധി സൈബറാക്രമണങ്ങൾ നേരിട്ട അമൃത സുരേഷിന്റെ തിരിച്ചുവരവിന് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.
കാണാനും കേൾക്കാനും വളരെ മനോഹരമെന്നും ഇതുപോലുള്ള ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നുവെന്നും ആരാധകർ പ്രതികരിച്ചു. സന്തോഷത്തോടെ മുന്നോട്ട് പോകുക, ഒന്നും ആലോചിച്ച് വിഷമിക്കാതെ സമാധാനമായി ജീവിക്കുക, ജീവിതം പഠിപ്പിച്ച പാഠങ്ങളുമായി ധൈര്യമായി ഉയരങ്ങൾ കീഴടക്കുക എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നത്.