ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു സ്കോട്ട് വെയ്ഡ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയുടെ പരിശീലകനുമായി. 36-കാരൻ പാകിസ്താനെതിരെയുള്ള ടി20 പരമ്പര മുതൽ ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പിംഗ് ആൻഡ് ഫീൾഡിംഗ് പരിശീലകനായി ചുമതയേൽക്കും. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്നു.
ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. കഴിഞ്ഞ മൂന്നു നാല് വർഷമായി ഞാൻ പങ്കെടുത്ത പരമ്പരകളിലും ലോകകപ്പുകളിലും ഇതൊരു തുടർച്ചയായ ചർച്ചാ വിഷയമായിരുന്നു. സെലക്ടർ ജോർജ് ബെയ്ലി പരിശീലകൻ അൻഡ്രു മക്ഡോണാൾഡ് എന്നിവരുമായി ആറുമാസത്തിലേറെയായി ചർച്ചകൾ നടക്കുന്നിരുന്നെന്നും വെയ്ഡ് പ്രതികരിച്ചു.
13 വർഷം നീണ്ട അന്താരാഷ്‌ട്ര കരിയറിൽ എല്ലാ ഫോർമാറ്റിലുമായി 225 മത്സരങ്ങൾ വെയ്ഡ് കളിച്ചു. 35 ടെസ്റ്റുകളിൽ നിന്ന് 1613 റൺസ് നേടി. 117 ആണ് ഉയർന്ന സ്കോർ. 2019 ആഷസിലായിരുന്നു അവിസ്മരണീയ ഇന്നിംഗ്‌സ്. 97 ഏകദിനങ്ങളിൽ നിന്ന് 1867 റൺസാണ് സമ്പാദ്യം. 11 അർദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പടെയാണിത്. 92 ടി20 കളിൽ നിന്ന് 1202 റൺസും നേടാനായി. മൂന്ന് അർദ്ധ സെഞ്ച്വറികളടക്കമാണിത്. ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് താരം വിരമിക്കലിന് തീരുമാനിച്ചത്.