ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ ഇൻസ്റ്റഗ്രാം തകരാറിലായെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തകരാറുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. പല യൂസേഴ്സിനും ഡയറക്ട് മെസേജ് ചെയ്യാൻ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. ഏകദേശം രണ്ടായിരത്തിലധികം പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടതായാണ് വിവരം.
മെസേജ് അയക്കുമ്പോൾ അത് സ്വീകർത്താവിന് ലഭിക്കാതിരിക്കുക, ഡെലിവെറി ചെയ്യുന്നതിൽ കാലതാമസം നേരിടുക, സന്ദേശങ്ങൾ ലഭിക്കാതിരിക്കുക എന്നീ പ്രയാസങ്ങൾ നേരിട്ടതായി യൂസേഴ്സ് പറയുന്നു. വൈകിട്ട് ഏഴ് മണി വരെ പ്രശ്നങ്ങൾ നേരിട്ടിരുന്നതായാണ് റിപ്പോർട്ട്.
ഇൻസ്റ്റഗ്രാം ഡൗൺ ആയതോടെ എക്സിൽ ഇതുസംബന്ധിച്ച മീമുകളും ട്രോളുകളും നിറഞ്ഞിരുന്നു. മെറ്റയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിന് എന്ത് തകരാറാണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ ഇതുവരെ മെറ്റ പ്രതികരിച്ചിട്ടുമില്ല. ഇൻസ്റ്റഗ്രാം ഡൗൺ ആയ സമയത്ത് ഫെയ്സ്ബുക്ക് മെസഞ്ചറുകളിലും സമാനമായ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.















