ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് മലയാളികളുടെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഭാരതീയർക്ക് അഭിമാനമായ കായികതാരമാണ്. പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിന് വെങ്കലം നേടിത്തന്ന് ഹോക്കിയിൽ നിന്ന് വിരമിച്ച ശ്രീജേഷിന്റെ കരിയറിലെ ഓരോ ഘട്ടങ്ങളും ഏറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും നോക്കിക്കണ്ടവരാണ് മലയാളികൾ. ഒടുവിൽ ശ്രീജേഷിനെ ആദരിക്കാൻ സംസ്ഥാനസർക്കാർ വേദിയൊരുക്കിയപ്പോൾ വിദ്യാഭ്യാസമന്ത്രിക്ക് പറ്റിയ അമളിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ചടങ്ങിൽ താരത്തെ വേദിയിലിരുത്തി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിശേഷിപ്പിച്ചത് ‘രാജേഷ്’ എന്നായിരുന്നു. നാക്കുപിഴയാണെന്ന് കേട്ടവരെല്ലാം ആദ്യം കരുതിയെങ്കിലും ‘രാജേഷ്’ എന്നുതന്നെ മന്ത്രി ആവർത്തിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന കാര്യം വ്യക്തമാക്കി. പ്രസംഗത്തിനിടെ മൂന്ന് തവണ ശ്രീജേഷിനെ പരാമർശിച്ചപ്പോഴും വി. ശിവൻകുട്ടി പറഞ്ഞത് ‘രാജേഷ്’ എന്നുതന്നെയായിരുന്നു. ഒടുവിൽ മന്ത്രി ആന്റണി രാജു അരികിലെത്തി ചെവിയിൽ പറഞ്ഞുകൊടുത്ത് തിരുത്തിച്ചതോടെയാണ് അമളി പറ്റിയ കാര്യം വിദ്യാഭ്യാസമന്ത്രി പോലും തിരിച്ചറിഞ്ഞത്..
വേദിയിൽ സംഭവിച്ചതിങ്ങനെ..
വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടിയുടെ പ്രസംഗം ആരംഭിച്ചു. പിന്നീട് പ്രസംഗത്തിനിടെ ശ്രീജേഷിന് പരാമർശിച്ചത് ഇപ്രകാരമായിരുന്നു. “കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായ, നമ്മുടെയെല്ലാവരുടെയും പ്രിയപ്പെട്ട പി ആർ ‘രാജേഷ്’..
ശ്രീ ‘രാജേഷിനെ’ സംബന്ധിച്ചിടത്തോളം ഇവിടെ വിശദമായി സൂചിപ്പിച്ചു..
ശ്രീ ‘രാജേഷിനെ’ പ്രയോജനപ്പെടുത്തി കേരളത്തിന്റെ കായികരംഗത്ത് മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.. “- വി. ശിവൻകുട്ടി ഇത്രയും പറഞ്ഞതോടെ മന്ത്രി ആന്റണി രാജു വേദിയിലേക്ക് വരുന്നു, വിദ്യാഭ്യാസമന്ത്രിയുടെ അരികിലെത്തി ചെവിയിൽ പറയുന്നു, “ശ്രീജേഷ്..”
ഇതോടെ വി. ശിവൻകുട്ടി അൽപനേരം സ്തബ്ധനായി നിൽക്കുന്നു.. തുടർന്ന് ഇങ്ങനെ പറയുന്നു..
“തീർച്ചയായും ‘ശ്രീജേഷിന്റെ’ കഴിവും ശേഷിയും സേവനങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ്.”- അധികം വലിച്ചുനീട്ടാതെ വേഗം പ്രസംഗം അവസാനിപ്പിച്ച് വിദ്യാഭ്യാസമന്ത്രി പോകുന്നു.
പിആർ ശ്രീജേഷിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ ഇത്രയും നാൾ വൈകിയതിനെ ചൊല്ലിയുള്ള വിമർശനം ശക്തമായിരുന്നു. ഇതിനിടെയാണ് ശ്രീജേഷിനെ വേദിയിലിരുത്തി വിദ്യാഭ്യാസമന്ത്രി ഇത്തരത്തിൽ പരാമർശിച്ചത്. ഇതാദ്യമായല്ല വി. ശിവൻകുട്ടിയുടെ നാവിൽ നിന്ന് അബദ്ധങ്ങൾ വീഴുന്നതെന്നതും ശ്രദ്ധേയമാണ്. നാക്കുപിഴ സംഭവിക്കുന്നതിൽ ഏറെ പേരെടുത്തിട്ടുള്ള മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പിൻഗാമിയാണ് വി. ശിവൻകുട്ടിയെന്ന് സോഷ്യൽമീഡിയയിൽ പലപ്പോഴും ട്രോളുകൾ ഉയർന്നിട്ടുണ്ട്. രാജ്യത്ത് 35 സംസ്ഥാനങ്ങൾ എന്ന് പറഞ്ഞ് വെട്ടിലായിട്ടുള്ള വി. ശിവൻകുട്ടി, നാക്കുപിഴ മനുഷ്യസഹജമാണെന്ന് പറഞ്ഞാണ് പണ്ട് തടിതപ്പിയത്.