ലോകമെമ്പാടും ദീപാവലി ആഘോഷങ്ങൾ അലയടിക്കുകയാണ്. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ആഘോഷങ്ങളും മറ്റ് രാജ്യങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ ഇന്ത്യക്കാരനും സാക്ഷ്യം വഹിക്കുന്നത്. അത്തരത്തിൽ വൈറ്റ് ഹൗസിലും ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
അന്താരാഷ്‌ട്ര നാണയനിധി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥാണ് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾ എക്‌സിലൂടെ പങ്കുവച്ചത്. വൈറ്റ് ഹൗസിലെ മിലിറ്ററി ബാൻഡ് ഭാരതീയർക്ക് ഏറെ പ്രിയപ്പെട്ട ഭക്തിഗാനമായ ‘ ഓം ജയ ജഗദീശ് ഹരേ’ എന്ന ഗാനം വായിക്കുന്നതാണ് ഗീതാ ഗോപിനാഥ് പങ്കുവച്ചത്.
വയലിൻ, പിയാനോ തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് നാലംഗ മിലിറ്ററി ബാൻഡ് ഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. വൈറ്റ്ഹൗസിലേക്കെത്തിയ പ്രമുഖരും മറ്റ് കാണികളും ഗാനം ആസ്വദിക്കുന്നതും അവരുടെ മൊബൈൽ ഫോണുകളിൽ ഇത് പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ദീപാവലി ആഘോഷിക്കുന്ന ഓരോരുത്തർക്കും ആശംസകൾ നേർന്നുകൊണ്ടാണ് ഗീതാ ഗോപിനാഥ് വീഡിയോ പങ്കുവച്ചത്.
Wonderful to hear the White House military band play Om Jai Jagdeesh Hare for Diwali. Happy Diwali 🪔 pic.twitter.com/lJwOrCOVpo
— Gita Gopinath (@GitaGopinath) October 31, 2024
രണ്ട് ദിവസം മുൻപ് തന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ദീപാവലി ആഘോഷങ്ങൾക്ക് വൈറ്റ് ഹൗസിൽ തുടക്കമിട്ടിരുന്നു. ഏറ്റവും മികച്ച ദീപാവലി ആഘോഷങ്ങൾക്കാണ് താൻ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നവംബർ അഞ്ചിന് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാനത്തെ ദീപാവലി ആഘോഷം കൂടിയാണിത്.