ലക്നൗ : ദീപാവലി ദിനത്തിൽ ഭഗവാൻ ശ്രീരാമദേവന് ആരതി നടത്തി മുസ്ലീം വനിതകൾ . വാരണാസിയിലെ ലംഹിയിൽ മുസ്ലീം വിമൻ ഫൗണ്ടേഷൻ അംഗങ്ങളാണ് ശ്രീരാമ ആരതി നടത്തിയത് .രംഗോലി ഉണ്ടാക്കി, ശ്രീരാമന്റെ വിഗ്രഹം പുഷ്പങ്ങളാൽ അലങ്കരിച്ച് ഉറുദുവിൽ എഴുതിയ രാമമന്ത്രം ആലപിച്ചുകൊണ്ടായിരുന്നു ആരതി .
2006 മുതൽ ഇവർ ശ്രീരാമന് ആരതി നടത്തി സാമുദായിക ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം നൽകുന്നുണ്ട് . പലസ്തീൻ, ഇസ്രായേൽ, ലെബനൻ, സിറിയ, ഉക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ തലവൻമാർക്ക് മുസ്ലീം വിമൻ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡൻറ് നസ്നീൻ അൻസാരി കത്തെഴുതുകയും ശ്രീരാമഭക്തി പ്രചരിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ശ്രീരാമന്റെയും രാമരാജ്യത്തിന്റെയും ആദർശമാണ് സമാധാനം സ്ഥാപിക്കുന്നതിനുള്ള അനിവാര്യമായ വ്യവസ്ഥയെന്ന് മുസ്ലീം വിമൻ ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് നസ്‌നീൻ അൻസാരി പറഞ്ഞു. രാമരാജ്യമെന്ന ആശയത്തിന് ജനങ്ങളെ വിവേചനത്തിൽ നിന്ന് മോചിപ്പിക്കാനും എല്ലാവരേയും ആശ്ലേഷിക്കാനും കഴിയും. ഇസ്രായേലും പലസ്തീനും ശ്രീരാമന്റെ പാത പിന്തുടരണം.ഇന്ത്യൻ മുസ്ലീങ്ങൾ എല്ലാവരുടെയും ഇടയിൽ സ്‌നേഹിക്കപ്പെടണമെങ്കിൽ അവരുടെ വീടുകളിൽ ശ്രീരാമന്റെ സ്വഭാവം പഠിപ്പിക്കണം, രാമഭക്തി വളരണം .
ശ്രീരാമൻ ലോകത്തിന്റെ മുഴുവൻ പൂർവ്വികനാണ്. ആ പാത പിന്തുടരുന്നതിലൂടെ മാത്രമേ ഹൃദയങ്ങളിൽ സ്നേഹവും വികാരങ്ങളും വികസിക്കുകയുള്ളൂ. മുസ്ലീം രാജ്യങ്ങളിൽ രാമഭക്തി വ്യാപിച്ചാൽ ലോകം സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുമെന്നും ആരതിയിൽ പങ്കെടുത്തവർ പറയുന്നു.