തൃശൂർ: സിനിമയിലെ താന്തോന്നിയെ ഇവിടുത്തെ താന്തോന്നി രാഷ്‌ട്രീയക്കാർക്ക് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമയിലെ താന്തോന്നിയായ സുരേഷ് ഗോപിയേയാണ് ജനങ്ങൾ ആദ്യം ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ നിന്ന് ഇപ്പോഴും ഇറങ്ങി വന്നിട്ടില്ലെന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. സിനിമയിലെ താന്തോന്നിയായ സുരേഷ് ഗോപിയേയാണ് ആളുകൾ ആദ്യം ഇഷ്ടപ്പെട്ടതെന്നും ആ താന്തോന്നിയെ ഇവിടുത്തെ താന്തോന്നിയായ രാഷ്‌ട്രീയക്കാർക്ക് ആവശ്യമാണെന്നും സുരേഷ് ഗോപി മറുപടി നൽകി. പ്രസംഗത്തിനിടെ “ഒറ്റ തന്തയ്‌ക്ക് പിറന്നവനാണെങ്കിൽ” എന്ന് സുരേഷ് ഗോപി നടത്തിയ പരാമർശം എൽഡിഎഫും യുഡിഎഫും ആയുധമാക്കിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തൃശൂർ അവിണിശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹം വിമർശനങ്ങളോട് പ്രതികരിച്ചത്. ആരോഗ്യസർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മേൽ അടക്കമുള്ളവർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു.
2019-ൽ രാജ്യസഭാ എംപി ആയിരുന്ന സമയത്ത് അവിണിശ്ശേരി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനു അനുവദിച്ച 50 ലക്ഷം രൂപ ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ കളികൾ മൂലം നഷ്ടപ്പെടുത്തിയെന്നും, അതിനെതിരെ സുപ്രീം കോടതിയിൽ കേസിനു പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ശക്തൻ മത്സ്യ മാർക്കറ്റിനകത്തെ നവീകരണത്തിന്റെ ഭാഗമായി രാജ്യസഭാ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവ് ചെയ്തു നിർമ്മാണം പൂർത്തീകരിച്ച ശുചിമുറി ബ്ലോക്കും, കിണറും സുരേഷ് ഗോപി നാടിനു സമർപ്പിക്കുകയും ചെയ്തു. തുടർന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.