മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ പുലർച്ചെ സുഹൃത്തിനൊപ്പമാണ് താരം ദർശനത്തിനെത്തിയത്. തുടർന്ന് മണ്ണാറശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ഇരുവരും മടങ്ങിയത്.
ക്ഷേത്ര ഭാരവാഹികളായ നാഗദാസ്, ജയദേവൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഷർട്ടും കസവ് മുണ്ടും ധരിച്ചാണ് അദ്ദേഹമെത്തിയത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പ്രസിദ്ധമായ നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവസർപ്പമായ വാസുകിയും നാഗയക്ഷിയുമാണ് പ്രധാന മൂർത്തികൾ. നിലവറയിൽ വിഷ്ണു സർപ്പമായ അനന്തനുമുണ്ട്. മഞ്ഞളിന്റെ ഹൃദ്യഗന്ധവും പുള്ളുവൻ പാട്ടിന്റെ ഈണവും നിറഞ്ഞുനിൽക്കുന്നതാണ് ക്ഷേത്രം.