ഹൈബ്രിഡ് മോഡൽ അംഗീകരിക്കാതെ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയാൽ ടൂർണമെന്റ് കടൽ കടക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി-മാർച്ചിൽ ടൂർണമെന്റ് നടക്കുമെന്ന് പറയുമ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അന്തിമ ഷെഡ്യൂൾ ഐസിസി ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. പരിഗണിക്കപ്പെടുന്നതിൽ മുൻപന്തിയിലുള്ള വേദി ദക്ഷിണാഫ്രിക്കയാണ്. അതേസമയം ഇന്ത്യയുടെ മത്സരങ്ങൾ യു.എ.യിൽ നടത്തുന്ന ഹൈബ്രിഡ് മോഡൽ അംഗീകരിക്കാൻ പാകിസ്താൻ ഇതുവരെ തയാറായിട്ടുമില്ല. കൂടാതെ മുൻ പാക് താരങ്ങൾ പാകിസ്താൻ ടീമിനോട് ടൂർണമെന്റ് ബഹിഷ്കരിക്കാനും ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നാലെ ആതിഥേയത്വം വഹിക്കാനുള്ള അവകാശങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പാകിസ്താന്റെ പിന്മാറ്റ നീക്കം. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ ഐസിസി, എസിസി ടൂർണമെന്റുകളിൽ ഇന്ത്യക്കെതിരെ കളിക്കരുതെന്ന് പാകിസ്താൻ സർക്കാർ പിസിബിയോട് നിർദ്ദേശിച്ചേക്കുമെന്നാണ് സൂചന.
അതേസമയം പിടിഐ റിപ്പോർട്ട് അനുസരിച്ച് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിൽ പിസിബി ഐസിസിയോടെ വ്യക്തത തേടിയിട്ടുണ്ട്. പാകിസ്താനിൽ തന്നെ ടൂർണമെന്റ് നടത്തുന്നതിന് വേണ്ടിയാണിത്. അതേസമയം ഹൈബ്രിഡ് മോഡലിനെക്കുറിച്ച് നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പാകിസ്താൻ വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ പറഞ്ഞു. ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. അന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.