കൊച്ചി: വാറന്റി കാലയളവിനുള്ളിൽ ടിവി കേടായിട്ടും റിപ്പയർ ചെയ്ത് നൽകാത്ത കമ്പനിയ്ക്ക് ഉപഭോക്തൃ പരിഹാര കമ്മീഷന്റെ പ്രഹരം. കമ്പനി 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാരൻ വാങ്ങിയ എൽഇഡി ടിവികേടായ വിവരം അറിയിച്ചിട്ടും പരിഹരിച്ച് നൽകാത്ത സാംസങ് ഇന്ത്യ ലിമിറ്റഡിനെതിരെയാണ് കോടതിയുടെ ഉത്തരവ്.
എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാർ എൻ എ ആണ് പരാതിക്കാരൻ. ഇയാൾ 15,200 രൂപ നൽകിയാണ് എൽ ഇ ഡി ടിവി വാങ്ങിയത്. ഇത് വാറന്റി കാലാവധിയായ മൂന്ന് വർഷത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായി. വിവരം അറിയിച്ചിട്ടും കമ്പനി ടിവിയുടെ തകരാർ പരിഹരിച്ചില്ല. തുടർന്ന് സൗരവ് കമ്പനിക്കെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചു.
വാറന്റി കാലാവധിക്കുള്ളിൽ തന്നെ ടിവി കേടായിട്ടും പ്രശ്നം പരിഹരിച്ചുനൽകാത്തത് കമ്പനിയുടെ സേവനത്തിലുണ്ടായ ന്യൂനതയും അധാർമ്മികമായ വ്യാപാര രീതിയുമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് പരാതിക്കാരന് കമ്പനി അധികൃതർ 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും നൽകണമെന്ന് കോടതി വിധിച്ചത്.