ന്യൂയോർക്ക്: സിറിയയിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം. സിറിയയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്. യുഎസ് സെൻട്രൽ കമാൻഡ് ആണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിന് ശേഷം അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇറാൻ അനുകൂല തീവ്രവാദ സംഘടനകൾ ഇറാഖിലും സിറിയയിലുമുള്ള യുഎസ് സേനയെ തുടർച്ചയായി ലക്ഷ്യമിടാറുണ്ട്.
തീവ്രവാദികളുടെ ആയുധ സംഭരണ ശാലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു. തീവ്രവാദികൾ തങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിൽ സൈനികർക്ക് പരിക്ക് പറ്റിയില്ലെന്നും, സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു. ഒൻപതോളം ഇടങ്ങളിലാണ് ഒരേ സമയം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് യുഎസ് സൈന്യത്തിന് നേരെ ഭീകരർ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയത്. സൈന്യം നടത്തിയ തിരിച്ചടിയിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസ് ഭീകരരെ ചെറുക്കുന്നതിന് വേണ്ടി 2014 മുതലാണ് സിറയയിൽ യുഎസ് സൈന്യം നിലയുറപ്പിച്ചത്. സിറിയയിൽ 900 സൈനികരും ഇറാഖിൽ 2500 സൈനികരുമാണുള്ളത്.