ഗർഭിണിയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണ്. ഈ സമയം ഏതൊക്കെ ഭക്ഷണം കഴിക്കണം ഏതൊക്കെ ഭക്ഷണം കഴിക്കരുത് എന്നെല്ലാം പലരിലും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പൈനാപ്പിളും പപ്പായയും കഴിക്കരുതെന്ന് ഒരു വിഭാഗം പറയുമ്പോൾ അതിൽ യാതൊരു കാര്യവുമില്ലെന്നാണ് പഴമക്കാർ പറയുന്നത്. കപ്പളങ്ങാപഴം കഴിക്കുന്നതിൽ യാതൊരു വിധ പ്രശ്‌നവും ഇല്ലെന്ന് ഇവർ പറയുന്നു.
അങ്ങനെയെങ്കിൽ ഗർഭകാലത്ത് മറ്റ് സങ്കീർണതകൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
* മെർക്കുറിയുടെ അളവ് അമിതമായിട്ടുള്ള മീനുകൾ: ഗർഭിണികളുടെ ആരോഗ്യത്തിന് മീനുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ചില മീനുകളിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടാകാം. പരിസ്ഥിതി മലിനീകരണം, സമുദ്രവിഭവങ്ങളിൽ നിന്നുള്ള ആഗിരണം ഇവയെല്ലാം ചില മീനുകളിൽ ഉയർന്ന അളവിൽ മെർക്കുറി എത്തുന്നതിന് കാരണമാകും. സ്രാവ്, സ്വോഡ് ഫിഷ്, ട്യൂണ, മെർലിൻ എന്നിവയിലെല്ലാം ഉയർന്ന അളവിൽ മെർക്കുറി ഉണ്ട്. ഇവ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.
* വേവിക്കാതോ പാതി വേവിച്ചതോ ആയ മാംസം: നന്നായി പാകം ചെയ്യാത്ത മാംസത്തിൽ അണുക്കളുടെയോ ബാക്ടീരിയകളുടെയോ സാന്നിധ്യം ഉണ്ടായേക്കാം. ഗർഭിണികളിൽ അത് തീരെ നല്ലത് അല്ലാത്തതിനാൽ ഒഴിവാക്കണം.
* പാകം ചെയ്യാത്ത കക്കയിറച്ചി: ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്ന മറ്റൊരു ഭക്ഷണം. കക്കയിറച്ചി വേവിക്കാതെ സോസും മറ്റ് രുചി വർദ്ധിക്കുന്ന ഘടകങ്ങളും ചേർത്ത് കഴിക്കാൻ താത്പര്യപ്പെടുന്നവരുണ്ട്. എന്നാൽ ഗർഭിണികൾ ഇത് ഒഴിവാക്കണം
* പച്ചമുട്ട: പച്ചമുട്ടയോ പച്ചമുട്ട ചേർത്ത് ഉണ്ടാക്കുന്ന സാധനങ്ങളോ കഴിക്കരുത്. മയൊണൈസ് പോലെയുള്ള വളരെ വേഗം അണുബാധയ്‌ക്ക് കാരണമാകും.
* മദ്യം: ഗർഭകാലത്ത് അമിതമായി മദ്യപിച്ചാൽ അത് ഗർഭപാത്രത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കും. ഫെറ്റൽ ആൽക്കഹോൾ സ്‌പെക്ട്രം ഡിസോർഡറിനും അത് കാരണമാകും. ഗർഭസ്ഥശിശുവിന് കാഴ്ച, കേൾവി തകരാറുകൾ ഉണ്ടാകുന്നതിനും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കും.