കണ്ണൂർ: വളപ്പട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിനുള്ളിൽ വെൽഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തിൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു.
കമ്മിറ്റിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അധികൃതർ നടപടിക്ക് നിർബന്ധിതരായത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്ക് പരിപാടി നടത്താൻ അനുമതി നൽകിയ ക്ഷേത്രകമ്മിറ്റിയെ പിരിച്ചുവിടുകയായിരുന്നു.
ക്ഷേത്രത്തിലുണ്ടായ ആചാര ലംഘനത്തെ തുടർന്ന് ചിറയ്‌ക്കൽ കോവിലകം എക്‌സിക്യുട്ടീവ് ഓഫീസർ ക്ഷേത്രകമ്മറ്റി പിരിച്ചുവിട്ട് ഉത്തരവിറക്കി. വെൽഫെയർ പാർട്ടി നേതാവും വളപട്ടണം പഞ്ചായത്ത് പത്താം വാർഡ് മെമ്പറുമായ സമീറയുടെ നേതൃത്വത്തിലാണ് ക്ഷേത്രമതിൽക്കെട്ടിനകത്ത് പരിപാടി സംഘടിപ്പിച്ചത്. “വളപട്ടണം പൈതൃക യാത്ര” എന്ന പേരിൽ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു പരിപാടി. വളപട്ടണത്തെ പൈതൃക നഗരങ്ങൾ സന്ദർശിച്ച് ആ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായി ഭാക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടി അംഗങ്ങൾ യോഗം ചേരുകയായിരുന്നു.
ക്ഷേത്രത്തിനകത്ത് പരിപാടി നടത്തണമെന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി സമീപിച്ചപ്പോൾ ദേവസ്വവുമായി കൂടിയാലോചിക്കാതെ ക്ഷേത്രകമ്മറ്റി അനുമതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ വെൽഫെയർ പാർട്ടി നടത്തിയ പരിപാടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജനംടിവി ഇത് വാർത്ത നൽകിയിരുന്നു. പിന്നാലെ ആചാരലംഘനം ചൂണ്ടിക്കാട്ടി വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടു. തുടർനടപടിയുടെ ഭാഗമായാണ് കമ്മിറ്റി പിരിച്ചുവിട്ടത്.