ഷറഫുദ്ദീൻ-ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലർ പുറത്തുവിട്ടു. വിജയ് സേതുപതി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി, റാണ ദഗ്ഗുബദി എന്നിവർ ചേർന്ന് റിലീസ് ചെയ്ത ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഹൊററും ഫാൻ്റസിയും മേമ്പൊടിയായി എത്തുന്നുവെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
നവംബർ 21ന് ചിത്രം തിയേറ്ററിലെത്തും. സാൻജോ ജോസഫ് കഥയും തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ‘ആസ്പിരന്റ്സ്’, ‘ദി ഫാമിലി മാൻ’, ‘ദി റെയിൽവേ മെൻ’ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഹാംഗ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ.“>