പാലക്കാട്: കൽപ്പാത്തിയിൽ ആചാരലംഘനമുണ്ടായതിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് സി. കൃഷ്ണകുമാർ. ഷോ കാണിക്കാൻ വന്നവർക്ക് എന്ത് ആചാരം, എന്ത് വിശ്വാസമെന്ന് കൃഷ്ണകുമാർ ചോദിച്ചു.
ഉത്സവങ്ങളെല്ലാം വോട്ട് പിടിക്കാനുള്ള വേദിയാക്കി മാറ്റുന്നവർക്ക് ക്ഷേത്രാചാരങ്ങൾ, വിശ്വാസങ്ങൾ, എന്നിവയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് കുറിയും തൊട്ട് ഉത്സവത്തിൽ പങ്കെടുക്കാൻ വരുന്നവർ അവിടുത്തെ വിശ്വാസികളുടെ ഹൃദയത്തെയാണ് വ്രണപ്പെടുത്തുന്നത്. കാശി വിശ്വനാഥ സ്വാമിയെ എഴുന്നള്ളിക്കുന്ന തേരാണത്. ആ സമയത്ത് എല്ലാവിധ മര്യാദകളും ആചാരങ്ങളും പാലിച്ചാണ് രഥം വലിക്കേണ്ടത്. അതുചെയ്യാതെ, മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാനുള്ള ഇവന്റ് മാത്രമായി കണക്കാക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. രണ്ട് മുന്നണിയിലെയും സ്ഥാനാർത്ഥികൾ അമ്പലങ്ങളിൽ പോയി കുറിതൊടുകയും ന്യൂനപക്ഷ മേഖലകളിൽ എത്തുമ്പോൾ കുറി മായ്‌ക്കുകയും ചെയ്യുന്നവരാണെന്നും രാഹുലിനെയും സരിനെയും വിമർശിച്ചുകൊണ്ട് സി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ അടക്കമുള്ള നേതാക്കൾ ചെരിപ്പിട്ട് രഥം വലിച്ചതാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. ഭക്തർ ചെരിപ്പ് അഴിച്ചു വെക്കാൻ ആവശ്യപ്പെട്ടിട്ടും നേതാക്കൾ കേട്ടഭാവം നടിച്ചില്ല. കൽപ്പാത്തിയിലെ ഒന്നാം തേര് ഉത്സവത്തിനിടെയായിരുന്നു സംഭവം. സംഭവത്തിൽ വലിയ പ്രതിഷേധമാണ് കൽപ്പാത്തിയിലെ ജനങ്ങൾക്കിടയിൽ നിന്നുയരുന്നത്.