ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയെ കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യ. കാനഡയിൽ അറസ്റ്റിലായ അർഷ് ദല്ല ഇന്ത്യയിൽ നിയമനടപടി നേരിടാതെ മുങ്ങിയ കുറ്റവാളിയായതിനാൽ കൈമാറണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഒന്റാറിയോയിലെ മിലിടൺ ടൗണിൽ ഒക്ടോബർ 27, 28 തിയതികളിലായി നടന്ന വെടിവെപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അർഷ് ദല്ലയെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ദല്ലക്കെതിരായ കേസിൽ വാദം കേൾക്കാൻ ഒന്റാറിയോ കോടതി ലിസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദല്ലയെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിക്കുന്നത്.
2023ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ദല്ല. ഇന്ത്യ കൊടുംകുറ്റവാളിയായി പട്ടികപ്പെടുത്തിയ ദല്ല കാനഡയിൽ ഭാര്യയോടൊപ്പം സുഖജീവിതം നയിക്കുകയായിരുന്നു. ഖാലിസ്ഥാൻ ഭീകരപ്രവർത്തനങ്ങളിലും സജീവമായിരുന്നു ദല്ല. ഇയാളെ വിട്ടുനൽകണമെന്ന് അഭ്യർത്ഥിച്ച് 2023 ജൂലൈയിൽ തന്നെ ഇന്ത്യ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇപ്പോൾ ദല്ലയെ കാനഡ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ഇന്ത്യ അഭ്യർത്ഥിക്കാനൊരുങ്ങുന്നത്.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവായിരുന്ന നിജ്ജാറിന്റെ വലംകൈ ആയിരുന്നു അർഷ് സിംഗ് ഗിൽ എന്ന അർഷ് ദല്ല. നിജ്ജാർ കൊല്ലപ്പെട്ടതോടെ ദല്ല പിൻഗാമിയായെന്നാണ് റിപ്പോർട്ട്.