തിരുവനന്തപുരം: ഗുജറാത്തിന്റെ അഴക് കേരളത്തിലുമെത്തി. ഗുജറാത്തിൽ വ്യാപകമായി കാണപ്പെടുന്ന കുങ്കുമക്കുരുവി എന്ന റെഡ് മുനിയയെ തിരുവനന്തപുരം വെള്ളയാണിക്കായലിന് സമീപമുള്ള പുഞ്ചക്കരിയിലാണ് കണ്ടെത്തിയത്. ദേശാടനത്തിനായാണ് കുരുവി പുഞ്ചക്കരി പാടത്തെത്തിയത്.
കടും ചുവപ്പ് നിറമാണ് ഇതിന്റെ പ്രത്യേകത. ചുവപ്പ് നിറത്തോട് കൂടിയ ശരീരവും ചുണ്ടുമാണ് ഇതിനുള്ളത്. ശരീരം മുഴുവൻ വെളുത്ത ചെറുപുള്ളികളുള്ളതാണ് ആൺ കുങ്കുമക്കുരുവി. ഇണക്കുരുവികൾക്ക് തവിട്ടുനിറത്തിലുള്ള ചുണ്ടുകളാണുള്ളത്. മുൻപ് പതിവായി വന്നുപോയിരുന്ന കുങ്കുമക്കുരുവി മൂന്ന് വർഷമായി ഇവിടെ എത്തിയിരുന്നില്ല.
വന്യജീവി ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ പൂന്തുറ സ്വദേശി അജീഷ് സാഗയാണ് കുങ്കുമക്കുരുവിയുടെ ചിത്രം പകർത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇവയെ പ്രദാനമായും കണ്ടുവരുന്നത്. അതിനാൽ തന്നെ ഇവയെ ‘റെഡ് അവദാവത്ത്’ എന്നും വിളിക്കാറുണ്ട്. നെൽപ്പാടങ്ങളും കായലിനും സമീപത്തെ കുറ്റിക്കാടുകളിലാണ് ഇവ തീറ്റ തേടിയെത്തുക. കാഴ്ചയ്ക്ക് ഭംഗിയുള്ളതിനാൽ ഇവയെ പിടികൂടി വിൽക്കുന്നുമുണ്ട്.















