മലയാള സിനിമയുടെ ബിഗ് എമ്മുകളെന്ന് വിശേഷിപ്പിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിലവിൽ ശ്രീലങ്കയിലെ കൊളംബോയിലാണ് താരങ്ങൾ.

മലയാള സിനിമയുടെ ബിഗ് എമ്മുകൾക്കൊപ്പം ഫാൻ ബോയ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണത്തിനായി മോഹൻലാൽ കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ എത്തിയിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും കുഞ്ചാക്കോ ബോബന്റെയും ഒപ്പം ഇന്നാണ് മമ്മൂട്ടി കൊളംബോയിലെത്തിയത്.

11 വർഷങ്ങൾക്കിപ്പുറമാണ് മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. താരങ്ങളുടെ പ്രായം കുറക്കുന്നതിനുള്ള ഡീ ഏജിംഗ് ടെക്നോളജി ഈ സിനിമയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും സിനിമയിൽ ഉണ്ടാകും.
View this post on Instagram
ശ്രീലങ്ക കൂടാതെ യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. റെക്കോർഡ് വിജയം നേടിയ ട്വന്റി-20 യിലാണ് ഇരുവരും അവസാനമായി തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തത്.















