നീണ്ട വർത്തെ കഠിനാധ്വാനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന നിരവധി ആളുകളുടെ കാഴ്ചകൾ നാം കണ്ടിരിക്കും. മാതാപിതാക്കളുടെ അതേ ജോലിയിൽ മക്കൾ പ്രവേശിക്കുന്ന സമയത്താണ് മാതാപിതാക്കൾ വിരമിക്കുന്നതെങ്കിൽ അത്തരം കാഴ്ചകൾ എക്കാലവും ഹൃദയസ്പർശിയായിരിക്കും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തംരഗമാവുന്നത് ഒരു വിരമിക്കൽ കാഴ്ചയാണ്.
32 വർഷത്തെ പൈലറ്റ് ജീവിതത്തിന് ഗുഡ്‌ബൈ പറയുന്ന പൈലറ്റിന്റെ വീഡിയോയാണിത്. അമേരിക്കൻ എയർലൈൻസിൽ തന്റെ അവസാനത്തെ ദിനമാണെന്ന് അദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ദുഃഖത്തെക്കാൾ അഭിമാനകരമായ നിമിഷവും അമേരിക്കൻ എയർലൈൻസിന്റെ മുതിർന്ന പൈലറ്റിന് പങ്കുവയ്‌ക്കാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ സഹ പൈലറ്റായ ഫ്‌ളൈറ്റിലാണ് അദ്ദേഹം അവസാനമായി പൈലറ്റായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്.
” 32 വർഷത്തെ എന്റെ പൈലറ്റ് ജീവിതം ഇവിടെ അവസാനിക്കുന്നു. എന്റെ മകൾ സഹപൈലറ്റായി എത്തിയ വിമാനത്തിൽ കയറാൻ എനിക്ക് ഭാഗ്യമുണ്ട്. ഞങ്ങൾ നിങ്ങളെ കഴിയുന്നത്ര വേഗത്തിൽ മിയാമിയിലെത്തിക്കും. കോക്പിറ്റിൽ മകൾക്കൊപ്പം ഇരിക്കുമ്പോൾ അഭിമാനം തോന്നുന്നു”- പൈലറ്റ് പറഞ്ഞു.
View this post on Instagram
ഏവിയേഷൻ ഫോർ ഏവിയേറ്റേഴ്‌സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. നിമിഷനേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. പിതാവിനും മകൾക്കും ഒരുപോലെ അഭിമാനിക്കാമെന്ന തരത്തിൽ നിരവധി കമന്റുകളും വീഡിയോയെ തേടിയെത്തിയിരുന്നു.















