55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. സൗളി ബിലുവെറ്റൈ സംവിധാനം ചെയ്ത ലിത്വാനിയൻ ചിത്രമായ ‘ടോക്സിക്’ ആണ് ഇത്തവണത്തെ സുവർണമയൂരം സ്വന്തമാക്കിയത്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പുരസ്കാരം പ്രഖ്യാപിച്ചത്. നടി രശ്മിക മന്ദാന മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
ലോക ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്കുള്ള സത്യജിത് റായ് പുരസ്കാരം ഓസ്ട്രേലിയൻ സംവിധായകനായ ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസിക്ക് നൽകി. ക്രോസിംഗിനാണ് ഇത്തവണത്തെ ICFT-UNESCO ഗാന്ധി പുരസ്കാരം ലഭിച്ചത്.
ടോക്സിക്കിലൂടെ മികച്ച നടിക്കുള്ള സിൽവർ പീക്കോക്ക് പുരസ്കാരം വെസ്റ്റ മാറ്റുലിറ്റേയും ലെവ റുപൈകെയ്റ്റയും നേടി. മോഡലാകണമെന്ന് ആഗ്രഹിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ചിത്രമാണ് ടോക്സിക്. മരിജ, ക്രിസ്റ്റീന എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദാണ് ടോക്സിക് പറയുന്നത്.
ചലച്ചിത്ര നിർമാണത്തിലെ സർഗാത്മകമായ മികവിന്, ഹോളി കൗ എന്ന ചിത്രത്തിലൂടെ ഫ്രഞ്ച് സംവിധായകൻ ലൂയിസ് കോർവോസിയർ പ്രത്യേക ജൂറി അവാർഡും സ്വന്തമാക്കി. മികച്ച ഒടിടി വെബ്സീരീസായി ലാംപൻ (മറാഠി) തെരഞ്ഞെടുക്കപ്പെട്ടു. നവ്ജോത് ബന്ധി വാടേക്കർ ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ചിത്രം ‘ഗരത് ഗണപതി’.
നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സാറ ഫ്രീഡലൻഡ് സംവിധാനം ചെയ്ത ഫെമിലിയർ ടച്ചിന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജതമയൂരം ബോഗ്ദാൻ മുരേസാനുവാണ് നേടിയത്. ‘ദ ന്യൂ ഇയർ ദാറ്റ് നെവർ കേം’ എന്ന ചിത്രത്തിലൂടെ പുരസ്കാരത്തിന് അർഹനായി.
കലാകാരന്മാരെയും സിനിമാപ്രേമികളെയും ഒന്നിച്ചുകൊണ്ടുപോയ ഒമ്പത് ദിവസങ്ങൾക്കാണ് ഇന്നലെ തിരശീല വീണത്. നിരവധി താരങ്ങൾ സമാപന ചടങ്ങിൽ പങ്കെടുത്തു.















