തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ്. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതോടെയാണ് ഇന്ന് പവര്‍കട്ട് ഒഴിവാക്കാനായത്. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ചയെ അപേക്ഷിച്ച് ഇന്നലെ മൊത്തം വൈദ്യുതി ഉപഭോഗം ഏകദേശം രണ്ട് ദശലക്ഷം യൂണിറ്റ് കുറഞ്ഞു. വെള്ളിയാഴ്ച 96.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ഇന്നലെ ഇത് 94.94 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടാനും കെഎസ്ഇബി തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ഉദ്യോഗസ്ഥരുമായി കെഎസ്ഇബി ചര്‍ച്ച നടത്തും. ഇതിനായി കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നാളെ യാത്രതിരിക്കും. രാവിലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം പരിഹരിച്ച് വരും ദിവസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് കെഎസ്ഇബിയുടെ നീക്കം.















