ദർശനത്തിനെത്തുന്ന എല്ലാവർക്കും അന്നം നൽകുന്ന ശബരിമലയിലെ ഭക്ഷണശാല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നാകും. മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്താണ് ദേവസ്വം അന്നദാന മണ്ഡപം പ്രവർത്തിക്കുന്നത്. രാവിലെ ആറ് മണി മുതലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.
രാവിലെ 11 മണി വരെ പ്രഭാത ഭക്ഷണം ലഭിക്കും. ഉച്ചയ്‌ക്ക് 12 മുതൽ 3.30- വരെ ഉച്ചഭക്ഷണവും വൈകുന്നേരെ6.30 മുതൽ തിരക്ക് അവസാനിക്കും വരെ അത്താഴവും നൽകും. ഉപ്പുമാവ്, കിഴങ്ങ് കറി, കടല, ചുക്ക് കാപ്പി, ടൂടുവെള്ളം എന്നിവയാണ് പ്രഭാത ഭക്ഷണമായി നൽകുന്നത്. ഉച്ചയ്‌ക്ക് പുലാവ്, സാലഡ്, കറി, അച്ചാർ എന്നിവ ഉൾപ്പടെയാണ് വിതരണം ചെയ്യുന്നത്. കഞ്ഞിയും പയറുമാണ് വൈകുന്നേരം നൽകുന്നത്.
ഒരേ സമയം 1,000 പേർക്ക് കഴിക്കാൻ ഇരിക്കാൻ കഴിയും വിധത്തിലാണ് ഊട്ടുപുര തയ്യാറാക്കിയിട്ടുള്ളത്. തിരക്കേറുന്നതനുസരിച്ച് 2,500 പേരെ വരെ ഉൾക്കൊള്ളിക്കാനാകും. ഭക്ഷണ അവശിഷ്ടങ്ങൾ ‘പവിത്രം ശബരിമല’യുടെ വോളന്റിയർമാർ ഇൻസിനറേറ്ററിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. 50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേർന്നാണ് ഭക്ഷണം ഒരുക്കുന്നത്.















