ആരോഗ്യ സംരക്ഷണത്തിന് ആപ്പിളും ഓറഞ്ചും കാരറ്റും മറ്റ് പച്ചക്കറികളുമൊക്കെ കഴിക്കാൻ നിർദ്ദേശിക്കുന്ന പലരുടെയും ഡയറ്റ് പ്ലാനിൽ ഇടംപിടിക്കാത്ത കിഴങ്ങുവർഗമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ലോകമെമ്പാടും ലഭ്യമായിട്ടുള്ള ഒരു ഭക്ഷണമാണിത്. ഒരു മനുഷ്യ ശരീരത്തിന്റെ വളർച്ചയ്‌ക്ക് ആവശ്യമായ ഒട്ടുമിക്ക എല്ലാ പോഷകഘടകങ്ങളും ഉരുളക്കിഴങ്ങിലുണ്ട്. ഇതുതന്നെയാണ് ഈ കിഴങ്ങുവർഗത്തിന് ആഗോള സ്വീകാര്യത ലഭിക്കാനുള്ള കാരണവും. ഒരു ദിവസം നിങ്ങൾക്ക് ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാൻ 100 ഗ്രാം ഉരുളക്കിഴങ്ങ് കഴിച്ചാൽ മതിയാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രധാനമായും അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ജലം
100 ഗ്രാം ഉരുളക്കിഴങ്ങിൽ ഏകദേശം 79.2 ഗ്രാം ജലാംശം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. വെള്ളം കുടിക്കുന്നതിനും പകരമാവില്ലെങ്കിലും സൂപ്പുകളിലും സലാഡുകളിലും ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.
2. ഊർജ്ജം
100 ഗ്രാം ഉരുളക്കിഴങ്ങിൽ 77 കലോറി അടങ്ങിയിട്ടുള്ളതിനാൽ മിതമായ ഊർജ്ജ സ്രോതസായി ഉരുളക്കിഴങ്ങിനെ കണക്കാക്കാം. ഒരു മുതിർന്ന വ്യക്തിക്ക് 2,000 കലോറിയാണ് ദൈനംദിനമായി ആവശ്യമുള്ളത്. ഇതിന്റെ ഏകദേശം 4 ശതമാനവും ഉരുളക്കിഴങ്ങിൽ നിന്ന് ലഭിക്കും. കുറഞ്ഞ കലോറിയിൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യാൻ ഈ കിഴങ്ങുവർഗം സഹായിക്കും.
3. കാർബോ ഹൈഡ്രേറ്റ്
ഒരു ഉരുളക്കിഴങ്ങിൽ ഏകദേശം 17.5 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. പ്രതിദിനം ശരീരത്തിനാവശ്യമായ 275 ഗ്രാം കാർബോഹൈഡ്രേറ്റിന്റെ ഏകദേശം 6 ശതമാനമാണിത്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നത് അന്നജത്തിന്റെ രൂപത്തിലുള്ള കാർബോ ഹൈഡ്രേറ്റാണ്.
4. ഫൈബർ
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന 2.1 ശതമാനം ഡയറ്ററി ഫൈബർ ദഹനത്തെ സഹായിക്കുകയും വിശപ്പ് കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യും. പ്രതിദിനം ശരീരത്തിന് ആവശ്യമുള്ളത് 25 മുതൽ 30 ഗ്രാം വരെ ഫൈബറാണ്. ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നതിലൂടെ ഇതിന്റെ 8 ശതമാനം ശരീരത്തിന് ലഭ്യമാകും.
5. വിറ്റാമിൻ സി
ഒരു വ്യക്തിക്ക് പ്രതിദിനം ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട വിറ്റാമിൻ സിയുടെ അളവ് 90 മില്ലിഗ്രാം മാത്രമാണ്. ഉരുളക്കിഴങ്ങിൽ 19.7 മില്ലിഗ്രാം വിറ്റമിന്സി അടങ്ങിയിരിക്കുന്നു. അതായത് ആവശ്യമുള്ളതിന്റെ 22 ശതമാനം.
6. അയൺ
0.81 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയ കിഴങ്ങുവർഗ്ഗമാണിത്. സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലി ഗ്രാമും അയൺ ശരീരത്തിന് ആവശ്യമാണ്. മാത്രമല്ല രക്തത്തിലെ ഓക്സിജൻ സംവഹനത്തിനും ഇരുമ്പ് സഹായിക്കും. ഇതുകൂടാതെ മഗ്നീഷ്യം, ഫോളേറ്റ് , പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും ഉരുളക്കിഴങ്ങിലുണ്ട്.