ഹൈദരാബാദ്: പുഷ്പ- 2 പ്രദർശിപ്പിച്ച ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുത്തു. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താതിനെ തുടർന്ന് തിയേറ്റർ മാനേജ്മെന്റിനെതിരെയും കേസെടുത്തിട്ടുണ്ട്. തിയേറ്ററിൽ അല്ലു അർജുൻ എത്തിയതോടെയാണ് അനിയന്ത്രിതമായ തിക്കും തിരക്കുമുണ്ടായത്. നൂറുകണക്കിന് ആളുകളാണ് താരത്തെ കാണാനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടെയായിരുന്നു സംഭവം.
ദിൽസുഖ് നഗർ സ്വദേശിനിയായ രേവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഇവരുടെ മക്കളായ ശ്രീ തേജ്, സാൻവിക എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. തിയേറ്ററിന്റെ ബാൽക്കണയിൽ എത്തിയ അല്ലുവിനെ കാണാൻ തള്ളിക്കയറിയ ആളുകളുടെ കൂട്ടത്തിൽ യുവതിയും മക്കളും അകപ്പെടുകയായിരുന്നു. തിരക്കിൽപെട്ട് ബോധരഹിതയായ രേവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അല്ലു അർജുനും മറ്റ് അണിയറ പ്രവർത്തകരും എത്തുമെന്ന വിവരം ആരെയും അറിയിച്ചിരുന്നില്ലെന്ന് തിയേറ്റർ മാനേജ്മെന്റ് വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാൻ ഒരു സുരക്ഷാ മാനദണ്ഡങ്ങളും തിയേറ്ററിൽ ഏർപ്പെടുത്തിയിരുന്നില്ലെന്നും അല്ലു അർജുൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പ്രത്യേക എൻട്രി, എക്സിറ്റ് സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
അല്ലു അർജുൻ എത്തുമെന്ന വിവരമറിഞ്ഞ് വലിയ ജനക്കൂട്ടമാണ് തിയേറ്ററിന് പുറത്തും അകത്തുമുണ്ടായിരുന്നത്. താരങ്ങൾ എത്തിയതോടെ പുറത്തുനിന്നവരും അകത്തേക്ക് തള്ളിക്കയറാൻ തുടങ്ങി. അല്ലു അർജുൻ തന്റെ സ്വന്തം സുരക്ഷാ ടീമിനോടൊപ്പമാണ് തിയേറ്ററിലെത്തിയത്. ജനങ്ങൾ കൂട്ടത്തോടെ വരാൻ തുടങ്ങിയപ്പോൾ സുരക്ഷാ ടീം ജനങ്ങളെ തള്ളിമാറ്റിയിരുന്നു. ഇതും അപകടം വഷളാക്കി.