ധാക്ക: ബംഗ്ലാദേശ് വിമോചനസമരത്തിന്റെ മുന്നണിപ്പോരാളിയായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്ന് മായ്‌ക്കാനുള്ള നടപടികള്‍ക്ക്
തുടക്കമിട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നീക്കി ഒരു മാസത്തിനുള്ളിൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദ്ദേശപ്രകാരം ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കിക്കൊണ്ട് 20, 100, 500, 1000 എന്നിവയുടെ ബാങ്ക് നോട്ടുകൾ അച്ചടിക്കുകയാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജ്യത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ചിത്രം ഉൾപ്പെടെ നോട്ടിൽ ഇടം പിടിക്കുമെന്നാണ് വിവരം.
മുഹമ്മദ് യൂനുസിന്റെ ഓഫീസിൽ നിന്നും ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം എടുത്തുകളഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പുതിയ നോട്ടുകളിൽ നിന്നും മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കുന്നത്. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾക്ക് പുറമെ ബംഗ്ലാദേശിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകങ്ങളും, ഗ്രാഫിറ്റികളും പുതിയ നോട്ടിൽ ഉണ്ടാകുമെന്നാണ് സെൻട്രൽ ബാങ്ക് അറിയിച്ചിരിക്കുന്നത്.
പുതിയ നോട്ടുകളുടെ അച്ചടി നല്ലൊരു ശതമാനം പൂർത്തിയായിട്ടുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ തന്നെ ഇവ ജനങ്ങളിലേക്ക് എത്തിക്കുമെന്നും ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറായ ഹുസ്‌നേര ശിഖ അറിയിച്ചു. ആദ്യ ഘട്ടത്തിൽ നാല് നോട്ടുകളുടെ രൂപരേഖയ്‌ക്ക് മാത്രമാണ് മാറ്റം വരുത്തുന്നത്. ഘട്ടംഘട്ടമായി ബാക്കിയുള്ള എല്ലാ നോട്ടുകളിലും മാറ്റം കൊണ്ടുവരുമെന്നും ഹുസ്‌നേര അറിയിച്ചു.