തിരുവനന്തപുരം: സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ച് വീണു. തിരുവനന്തപുരം പാലോട് സ്വദേശി ഷൈലജയ്‌ക്കാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ 52-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മരുതുമൂട് ജംഗ്ഷനിൽ വച്ചായിരുന്നു അപകടമുണ്ടായത്. കല്ലറ -പാലോട് റൂട്ടിൽ ഓടുന്ന ചന്ദന ബസിൽ നിന്നാണ് ഷൈലജ തെറിച്ചുവീണത്. സീറ്റൊഴിവുള്ളത് കണ്ട് അവിടെ ഇരിക്കാൻ പോകുന്നതിനിടെയാണ് യാത്രക്കാരി തെറിച്ചുവീണത്.
നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മറ്റ് കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവറോട് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.