വിഴിഞ്ഞം: അന്താരാഷ്‌ട്ര തുറമുഖത്തെ സുരക്ഷാ മേഖലക്കടുത്ത് ബോംബ് നിര്‍മിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു.നെട്ടത്താന്നി സ്വദേശി ശരത്(19), മുല്ലൂര്‍ തോട്ടം സ്വദേശി അനീഷ് (25), കോളിയൂര്‍ സ്വദേശി അജിത്(22), വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സ്വദേശി ധനുഷ് (20) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.
ബോംബ് നിര്‍മിക്കാൻ ആവശ്യമായ വസ്തുക്കളും , നാടന്‍ ബോംബുകളും, വെട്ടുകത്തി, 30ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. തോട്ടം ഭാഗത്ത് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അഭിരാജിന്റെ വീട്ടുവളപ്പിലുടെയാണ് ഇവർ രാത്രികാലങ്ങളില്‍ തുറമുഖ പദ്ധതി പ്രദേശത്തിനടുത്ത് പോയിരുന്നത്. അടുത്തിടെ ഇത് അഭിരാജ് വിലക്കിയിരുന്നു. ഇതിന്റെ പക തീർക്കാനാണ് ഇവർ നാടന്‍ ബോംബ് നിര്‍മിക്കാന്‍ ശ്രമിച്ചത്. എന്നാൽ സുരക്ഷാ മേഖലയ്‌ക്കടുത്ത് യുവാക്കളെ കണ്ട സുരക്ഷാസംഘത്തിന് സംശയം തോന്നി . ഇവർ പൊലീസിൽ അറിയിച്ചു . എന്നാൽ പൊലീസ് എത്തുമ്പോഴേയ്‌ക്കും സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെയാണ് ഇവരെ പിടികൂടിയത്.