അബുദാബി: ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റർനാഷനൽ എയർപോർട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപ്പനയാണ് വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ച്ചർ ആൻഡ് ഡിസൈൻ അവാർഡ് നേടിക്കൊടുത്തത്.
കായികവേദികൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ മികച്ച രൂപകൽപ്പനകൾക്ക് അംഗീകാരം നൽകാൻ യുനെസ്‌കോ ആരംഭിച്ച പ്രീ വെർസൈയ്ൽസ് പുരസ്‌കാരമാണ് സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം കരസ്ഥമാക്കിയത്. ശക്തമായ മത്സരത്തിനൊടുവിലാണ് സായിദ് ഇന്റർനാഷനൽ എയർപോർട്ട് മികവിനുള്ള അംഗീകാരം നേടിയത്.
പാരിസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യുഎഇയുടെ സംസ്‌കാരിക പൈതൃകം ഉൾക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകൾ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിന്റെ രൂപകൽപ്പനയും നിർമാണവും. 7,42,000 ചതുരശ്ര മീറ്ററിൽ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തിൽ മണിക്കൂറിൽ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനാവും.