ജയ്പൂർ: കൃഷ്ണഭക്തരുടെ പ്രധാന ക്ഷേത്രമായ നാഥ്ദ്വാര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രമാണ് രാജസ്ഥാനിലെ ചിത്തോർഗഡിലെ സാൻവാലി കൃഷ്ണക്ഷേത്രം. രണ്ട് മാസം കൊണ്ട് ക്ഷേത്രത്തിലേക്ക് കിട്ടിയ കാണിക്കയും സംഭാവനയും കണ്ട് അമ്പരന്നിരിക്കുകയാണ് ക്ഷേത്രഭാരവാഹികൾ. ഒരു കിലോ തൂക്കം വരുന്ന സ്വർണ ബിസ്കറ്റും 23 കോടി രൂപയും വെള്ളി പിസ്റ്റളും വെള്ളി വിലങ്ങുമാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. റെക്കോർഡ് കാണിക്കയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചിരിക്കുന്നത്.
വെള്ളിപ്പൂട്ടുകൾ, പുല്ലാങ്കുഴലുകൾ, വെള്ളിയിൽ തീർത്ത കരകൗശല വസ്തുക്കൾ, നിരവധി സ്വർണനാണയങ്ങൾ, ചെറിയ സ്വർണബിസ്കറ്റുകൾ തുടങ്ങിയ കാണിക്കയായി ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാവരെയും ഞെട്ടിച്ചത് ഒരു കിലോ ഭാരം വരുന്ന സ്വർണ ബിസ്ക്കറ്റാണ്.
ക്ഷേത്രത്തിൽ രണ്ട് മാസം ഇടവിട്ട് അമാവാസി ദിനത്തിലാണ് ഭണ്ഡാരങ്ങൾ തുറന്ന് കാണിക്കെയണ്ണുന്നത്. ഭണ്ഡാരം തുറന്ന ആദ്യഘട്ടത്തിൽ 11.34 കോടിയും രണ്ടാം ഘട്ടത്തിൽ 3.50 കോടിയും മൂന്നാം ഘട്ടത്തിൽ 4.27 കോടിയും എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. 19.22 കോടി രൂപ നേരിട്ടും ബാക്കി തുക ഓൺലൈൻ സംഭാവനയായും ലഭിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിത്തോർഗഢ് ടൗണിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് സാൻവാലിയ സേത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1840-ൽ ഭോലാറാം ഗുജ്ജർ എന്ന പാൽക്കാരൻ തുടർച്ചയായി കണ്ട ഒരു സ്വപ്‌നത്തിൽ നിന്നാണ് ഈ ക്ഷേത്രത്തിന്റെ ഉത്ഭവമെന്നാണ് വിശ്വാസം. ഗ്രാമത്തിൽ മൂന്ന് കൃഷ്ണ വിഗ്രഹങ്ങളുണ്ടെന്നും അവയുടെ സ്ഥാനം വെളിപ്പെടുത്തിക്കൊണ്ടുള്ള സ്വപ്നം ഗുജ്ജർ കണ്ടെന്നാണ് പറയപ്പെടുന്നത്. സ്വപ്നത്തിൽ തെളിഞ്ഞ സ്ഥലങ്ങളിൽ കുഴിച്ചപ്പോൾ കൃഷ്ണവിഗ്രഹങ്ങൾ കണ്ടെത്തുകയും പ്രതിഷ്ഠ നടത്തുകയുമായിരുന്നു.















