തൈറോയ്ഡ് ഉള്ളവർ നമുക്കിടയിൽ ഇന്ന് സാധാരണമാണ്. ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു. ഇതിന്റെ അസന്തുലനമാണ് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നത്. തൈറോക്‌സിൻ(t4), ട്രൈയാഡോ തൈറോനിൻ(t3) എന്നീ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയാണ്. ഈ ഹോർമോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ പല രോഗങ്ങൾക്കും കാരണമാകും.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ-4 പ്രകാരം 10 ശതമാനം ഇന്ത്യൻ കുടുംബങ്ങളിലും ഒരു തൈറോയ്ഡ് രോഗിയെങ്കിലും ഉണ്ടാകുമെന്നാണ് പറയുന്നത്. തൈറോയ്ഡ് മൂലമുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാൻ ചില ഭക്ഷണങ്ങൾക്ക് സാധിക്കും. അതിലൊന്നാണ് മല്ലി. വളരെ ചെറിയ അളവിൽ മല്ലിയെടുത്ത് ഇത് കുതിരാനായി വയ്‌ക്കുക. അടുത്ത ദിവസം രാവിലെ ഇത് എടുത്ത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കാവുന്നതാണ്.
മറ്റൊന്ന് വെളുത്തുള്ളിയാണ്. ചെറുചൂടുവെള്ളത്തിനൊപ്പം ഒരു ചെറിയ അല്ലി വെളുത്തുള്ളി ഇട്ട ശേഷം തിളപ്പിച്ച് വെറും വയറ്റിൽ കഴിക്കുന്നത് തൈറോയ്ഡ് മൂലമുള്ള പ്രശ്‌നങ്ങളെ തടയാൻ സഹായിക്കും. റിഫൈൻ ചെയ്ത പഞ്ചസാര തൈറോയ്ഡ് പ്രശ്‌നമുള്ളവർ കഴിക്കുന്നത് നല്ലതല്ല. അതുകൊണ്ട് തന്നെ ബേക്കറി പലഹാരങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ ഒരു ചെറിയ കഷണം തേങ്ങ കഴിക്കാവുന്നതാണ്. തേങ്ങയിലെ ഓരോ ഘടകങ്ങളും ശരീരത്തിന് നല്ലതാണ്.
അതേപോലെ അയഡിൻ തോത് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും ഉപയോഗിക്കുക. സെലീനിയം ഭക്ഷണങ്ങൾ തൈറോയ്ഡ് രോഗികൾക്ക് പല ഡോക്ടർമാരും നിർദേശിക്കാറുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ സെലീനിയം ഉത്തേജിപ്പിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് തൈറോയ്ഡിനെ സംരക്ഷിക്കാനും ഇത് സഹായകമാണ്. ബ്രസീൽ നട്‌സ്, ചൂര, കൂൺ, സൂര്യകാന്തി വിത്ത് എന്നിവ സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ്.