തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം നടത്തി. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതീകാത്മക പൂരത്തിൽ പെരുവനം കുട്ടൻ മാരാർ മേളപ്രമാണിയായി.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ പ്രകാരം പൂരം നടത്തുന്നത് വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. പെരുവനം കുട്ടന്മാരാരുടെ പ്രാമാണികത്വത്തോടെയുള്ള പഞ്ചാരിമേളത്തോടെയായിരുന്നു ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം. ആനകളുടെ നെറ്റിപ്പട്ടം, ആലവട്ട, മുത്തുക്കുട തുടങ്ങിയ അലങ്കാരങ്ങളും നിരത്തി നടത്തിയ പ്രതീകാത്മക പൂരത്തിൽ നിരവധി പേർ പങ്കെടുക്കുകയും ചെയ്തിരുന്നു.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് പൂരത്തിന്റെ ശോഭ കെടുത്തുമെന്നതിനാൽ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ആനകൾ തമ്മിലുള്ള അകലം, ആനയും ആളുകളും തമ്മിലുള്ള അകലം തുടങ്ങി നിരവധി കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വരുത്തി. ഇതിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തിയത്.