സിയോൾ: ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. ഭരണകക്ഷിയിലെ നിയമനിർമ്മാതാക്കൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്നാണ് ഇംപീച്ച്‌മെൻ്റിൽ നിന്ന് പ്രസിഡന്റ് തലനാരിഴയ്‌ക്ക് രക്ഷനേടിയത്. പ്രസിഡന്റിനെതിരെ പാർലമെൻ്റിന് പുറത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയായിരുന്നു സംഭവം. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ കഴിയില്ലെന്ന വാർത്ത പുറത്തുവന്നതോടെ പാർലമെന്റിന് പുറത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് പേർ നിരാശയിലായി.
പ്രതിപക്ഷ പാർട്ടികളായിരുന്നു ഇംപീച്ച്‌മെൻ്റ് പ്രമേയം മുന്നോട്ടുവച്ചത്. ഇത് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. എന്നാൽ പ്രസിഡന്റ് യൂനിന്റെ പീപ്പിൾ പവർ പാർട്ടി (പിപിപി) വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ പ്രമേയം പരാജയപ്പെട്ടു. വോട്ട് ചെയ്ത അംഗങ്ങളുടെ എണ്ണം പ്രമേയം പാസാകാനുള്ള ഭൂരിപക്ഷത്തിന് മതിയാകാതെ വന്നു. ഇതോടെ ഇംപീച്ച്‌മെൻ്റ് പ്രമേയം അസാധുവായെന്ന് നാഷണൽ അസംബ്ലി സ്പീക്കർ വൂ വോൺ-ഷിക്ക് പ്രഖ്യാപിക്കുകയായിരുന്നു. രാജ്യവും ലോകവും ഉറ്റുനോക്കുകയാണ്, ഇത്രയും സുപ്രധാനമായ ദേശീയ വിഷയത്തിൽ വോട്ടെടുപ്പ് കൃത്യമായി നടത്താൻ കഴിയാതെ പോയത് തീർത്തും ഖേദകരമാണെന്നും സ്പീക്കർ പറഞ്ഞു.
പെട്ടന്നൊരു സുപ്രഭാതത്തിൽ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിലൂടെയായിരുന്നു പ്രസിഡന്റിനെതിരെ പ്രതിഷേധം കടുത്തത്. രാഷ്‌ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനും പൂർണമായും നിരോധിക്കുന്ന പട്ടാളനിയമം പ്രഖ്യാപിച്ചതോടെ സൈന്യം രംഗത്തിറങ്ങുകയും പാർലമെന്റിന്റെ പ്രവേശനകവാടം അടയ്‌ക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സംഘർഷത്തിലാണ് കലാശിച്ചത്. ഭരണകക്ഷി പ്രതിനിധികൾ തന്നെ എതിർപ്പറിയിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തതോടെ വിവാദമായ പട്ടാളനിയമം പിൻവലിച്ചു. ആറ് മണിക്കൂർ മാത്രമാണ് നിയമം നിലവിലുണ്ടായിരുന്നത്. ഇതോടെ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇംപീച്ച്മെന്റ് നീക്കം നടത്തുകയായിരുന്നു.