കവരത്തി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം. മാതാപിതാക്കളോടൊപ്പം ബംഗാരം ദ്വീപിലേക്ക് പോയ കുട്ടികൾ കളിക്കുന്നതിനിടെയാണ് കടലിൽവീണ് അപകടമുണ്ടായത്.
ഇരുവരും ആറ് വയസ് പ്രായമുള്ളവരാണ്. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അഗത്തി ജെബിഎസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫവാദ് ഖാൻ, സഹാൻ സൈദ് എന്നിവരാണ് മരണപ്പെട്ടത്.
കുട്ടികൾ ബീച്ചിലിറങ്ങി കളിക്കുകയായിരുന്നു. മാതാപിതാക്കൾ സമീപത്തുതന്നെ ഉണ്ടായിരുന്നു കളിക്കുന്നതിനിടെ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ചതോടെയാണ് രണ്ടുപേരെയും കാണാതായത്. ഉടൻ തന്നെ ഇവർക്കായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും ജീവനോടെ രക്ഷിക്കാനായില്ല.