കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഇളകുളം സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടമായി. ഹൈദരാബാദ് പൊലീസെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ഇരയുടെ പരാതിയിൽ കൊച്ചി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
നവംബർ 22 നാണ് 85 കാരനായ വയോധികനെ കുടുക്കി തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഹൈദരാബാദിലെ ഹുമയൂൺ നഗർ പൊലീസ് സ്റ്റേഷനിൽ നിന്നെന്ന വ്യാജേനയാണ് ഫോൺ കോൾ വന്നത്. സ്വകാര്യ വിമാനകമ്പനിയുടെ മാനേജരുമായി ചേർന്ന് വയോധികൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു സംഘത്തിന്റെ ആരോപണം. അറസ്റ്റ് ചെയ്യാനുള്ള വാറന്റുണ്ടെന്നും സാമ്പത്തിക വിവരങ്ങൾ ആർബിഐയുടെ നിരീക്ഷണത്തിനായി അയച്ചുകൊടുക്കുമെന്നും ഇവർ ഇരയെ ഭീഷണിപ്പെടുത്തി.
ഘട്ടം ഘട്ടമായാണ് സംഘം ഇരയിൽ നിന്നും പണം കൈപ്പറ്റിയത്. 5,000, ഒരു ലക്ഷം, 16 ലക്ഷം എന്നിങ്ങനെ ആകെ 18 ലക്ഷം രൂപയാണ് കൈമാറിയത്. പണം നഷ്‌ടമായ ശേഷമാണ് തട്ടിപ്പിന് ഇരയായെന്ന വസ്തുത ഇയാൾ തിരിച്ചറിയുന്നത്. പിന്നാലെ പരാതിയുമായി കൊച്ചി സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.