തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് (ഐ.എഫ്.എഫ്.കെ.) തുടക്കമായി. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളക്കുകൊളുത്തി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. നടി ഷബാന ആസ്മി, മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എന്നിവരും വിളക്കുകൊളുത്തി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.
മൂന്ന് പതിറ്റാണ്ട് നീളുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. മറ്റ് ചലച്ചിത്ര മേളകളെ അപേക്ഷിച്ച് ഈ ഐഎഫ്എഫ്കെ ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മേളയായി ഐഎഫ്എഫ്കെ മാറിയിരിക്കുന്നു. സിനിമാ പ്രദർശനം മാത്രമല്ല, ഇവിടെ നടക്കുന്ന ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും പുരോഗമന സ്വഭാവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറിയിരുന്നു. ഡിസംബർ 20 വരെ തുടരുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. നാല് മലയാളി വനിതാ സംവിധായകന്മാരുടെ ആദ്യ ചിത്രങ്ങൾ ഉൾപ്പെടെ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.
13000-ലധികം ഡെലിഗേറ്റുകൾ മേളയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20-ന് നടക്കുന്ന സമാപനച്ചടങ്ങിൽ സംവിധായക പായൽ കപാഡിയയ്‌ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.















