ചെന്നൈ: തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് എംഎഎൽഎ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു. രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നവംബർ 11 നാണ് ഇളങ്കോവനെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായതോടെയാണ് വിയോഗം.
മൻമോഹൻ സർക്കാരിൽ ടെക്‌സ്റ്റൈൽസ് സഹമന്ത്രിയായും തമിഴ്നാട് പിസിസി മുൻ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മകൻ തിരുമകൻ ഇവേര മരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇളങ്കോവൻ വിജയിച്ചത്. എംഎൽഎ ആയി അധികാരത്തിലേറി ഒരു വർഷം പൂർത്തിയാക്കും മുമ്പാണ് അകാല വിയോഗം.
ഒരേ നിയമസഭയുടെ കാലയളവിലാണ് പിതാവും മകനും മരിച്ചത്. ഈറോഡ് ഈസ്റ്റ് വീണ്ടും ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് നേതാവ് കൂടിയാണ് ഇളങ്കോവൻ.