തിരുവനന്തപുരം: പത്തനംതിട്ടയിൽ, നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ ഉറങ്ങിപ്പോയതാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ശബരിമല സീസൺ ആയതുകൊണ്ട് തന്നെ ആയിരക്കണക്കിന് വണ്ടികളാണ് റോഡിലൂടെ കടന്നുപോകുന്നതെന്നും ഉറക്കം വന്നാൽ ഉറങ്ങുക എന്ന സംസ്കാരം എല്ലാവർക്കും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
വീട്ടിലേക്ക് എത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കിനിൽക്കേയാണ് അപകടമുണ്ടായത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പറയുന്നത്. പല റോഡുകളും ശാസ്ത്രീയമല്ല. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ നിർമിച്ചിരിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നു. പ്രാദേശിക പരിശോധന നടത്തുന്നില്ല എന്നതും ഗൗരവകരമാണ്.
ഓരോരുത്തരും പാലിക്കേണ്ട അച്ചടക്ക നടപടികളുണ്ട്. അത് കൃത്യമായി പാലിക്കപ്പെടണം. രാത്രി യാത്ര തീരുമാനിക്കുന്നതിന് മുമ്പ് ഡ്രൈവർ നന്നായി ഉറങ്ങണമെന്നാണ് ഡോക്ടർമാരും മറ്റ് വിദഗ്ധരും നിർദേശിക്കുന്നത്. റോഡിന്റെ നിർമാണത്തിലുണ്ടായ അപാകതകൾ പരിഹരിക്കും. ചൊവ്വാഴ്ച യോഗം ചേരും.
ചില വാഹനങ്ങൾ വളവുകളിൽ റോഡ് നിയമങ്ങൾ പാലിക്കുന്നില്ല. കെഎസ്ആർടിസി ഡ്രൈവർമാർക്ക് പ്രത്യേകം നിർദേശം നൽകും. സ്വിഫ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും നന്നായില്ലെങ്കിൽ ഒഴിവാക്കും. പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നതാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.